സ്യോള്‍: ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നത് തടയാനായി ദക്ഷിണകൊറിയന്‍ അധികൃതര്‍ കൊന്നുതള്ളിയത് 47,000 ത്തോളം പന്നികളെയാണ്. എന്നാല്‍ ഇവയുടെ രക്തം ഒഴുകിയിറങ്ങി ഒരു നദിയൊന്നാകെ ചുവന്നിരിക്കുകയാണ് ഇവിടെ. ഇരു കൊറിയകളുടേയും അതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന ഇംജിന്‍ നദിയാണ് ചോരപ്പുഴയായി മാറിയത്. പന്നികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് രക്തം കനത്ത മഴയെ തുടര്‍ന്ന് നദിയിലേക്ക് ഒഴുകുകയായിരുന്നു. 

ആഫ്രിക്കന്‍ പന്നിപ്പനി വളരെപ്പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്നതും മാറാരോഗവുമാണ്‌. രോഗം ബാധിച്ച പന്നികള്‍ അതിജീവിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇത് മനുഷ്യര്‍ക്ക് അപകടകരമല്ലെന്നും അധികൃതര്‍ അറിയിച്ചു. 

പന്നികളുടെ രക്തം നദിയിലൊഴുകിയതോടെ മറ്റു മൃഗങ്ങളിലേക്ക് രോഗം ബാധിക്കുമെന്നുള്ള ആശങ്കകള്‍ അധികൃതര്‍ തള്ളികളഞ്ഞു. പന്നികളെ അറക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കിയിരുന്നെന്നാണ് അവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ മലിനീകരണം ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകിരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Content Highlights: South Korean river turns red after being polluted with pigs' blood