കാഠ്മണ്ഡു: കോവിഡിന് പിന്നാലെ ദക്ഷിണേഷ്യ മറ്റൊരു ആരോഗ്യ പ്രതിസന്ധി നേരിടാൻ പോവുകയാണെന്ന് മുന്നറിപ്പ്. വിവിധ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ വാക്സിൻ ലഭിക്കാത്ത 45 ലക്ഷം കുട്ടികളാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഉള്ളതെന്നാണ് യുണിസെഫ് പറയുന്നത്. ഇതിൽ 97% കുട്ടികളും ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലാണുള്ളതെന്നും യുണിസെഫിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം കൃത്യമായി നടന്നുകൊണ്ടിരുന്ന പല വാക്സിനേഷനുകളും നിലയ്ക്കുകയോ നീട്ടിവെക്കുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ വാക്സിനേഷൻ കൊണ്ട് തടഞ്ഞുവെച്ചിരിക്കുന്ന ഈ രോഗങ്ങളുടെ വ്യാപനമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്.

ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ മീസിൽസ്, ഡിഫ്തീരിയ എന്നീ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ദക്ഷിണേഷ്യയിൽ ഏറ്റവുമധികം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ കൂടുതല്‍ പേര്‍ക്ക് രോഗം വന്നേക്കാം.

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമല്ല. വിതരണ ശൃംഖല തടസ്സപ്പെട്ടിരിക്കുകയുമാണ്. വാക്സിൻ ഉത്‌പാദനവും നിലച്ചു. വാക്സിനേഷൻ നൽകാനുള്ള മേഖലയിലെ പല ആരോഗ്യ സൗകര്യങ്ങളും അടച്ചിരിക്കുകയാണ്.

ബംഗ്ലാദേശും നേപ്പാളും മീസിൽസ്, റൂബെല്ല വാക്സിനേഷൻ നടപടികൾ നീട്ടിവെച്ചിരിക്കുകയാണ്. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും പോളിയോ തുള്ളിമരുന്ന് വിതരണവും നിർത്തിവെച്ചു.

ഇതോടെ രോഗം ബാധിക്കാൻ സാധ്യത കൂടുതലുള്ള കുട്ടികളുടെ എണ്ണം കൂടി. ഇത് വലയ ഭീഷണിയാണെന്നും യുണിസെഫ് പറയുന്നു.

Content Highlights:South Asia warned of child health crisis amid COVID 19