ദക്ഷിണാഫ്രിക്കയിലെ കലാപത്തിനും കൊള്ളയടിക്കും പിന്നില്‍ ജേക്കബ് സുമയുടെ അറസ്റ്റോ?


Photo : AP

പ്രസിഡന്റ് രാഷ്ടത്തലവനായുള്ള ഭരണസംവിധാനമാണ് ദക്ഷിണാഫ്രിക്കയില്‍. മുന്‍ പ്രസിഡന്റ് തടവിലായതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഭരണത്തിലിരിക്കവെ തന്നെ അഴിമതിയാരോപണം നേരിട്ട ജേക്കബ് സുമ എന്ന മുന്‍ രാഷ്ട്രത്തലവനോട് ജനങ്ങള്‍ക്ക് ഇത്രത്തോളം പ്രതിപത്തിയോ എന്ന് പുറംരാജ്യക്കാര്‍ക്ക് തോന്നിയേക്കാം. ബലാത്സംഗവും അഴിമതിയും ഉള്‍പ്പെടെ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട നേതാവ് കാരണം പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുമെന്നും തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിക്കുമെന്നും ഉറപ്പായതിനാലാണ് ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി ജേക്കബ് സുമയുടെ രാജിക്കായി സമ്മര്‍ദം ചെലുത്തുകയും 2018-ല്‍ സുമ രാജി വെക്കുകയും ചെയ്തത്. മൂന്ന് വര്‍ഷത്തിനിപ്പുറം ജേക്കബ് സുമ തടവിലാക്കപ്പെടുമ്പോള്‍ രാജ്യത്ത് കലാപങ്ങളുണ്ടാവുകയും വ്യാപകമായി കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നതിന് എന്താണ് കാരണം?

ജേക്കബ് സുമയുടെ കീഴടങ്ങല്‍

സുമയുടെ ഭരണകാലം അഴിമതിയുടേയും ഖജനാവ് കൊള്ളയടിക്കലിന്റേയും കാലമായായാണ് ആരോപിക്കപ്പെടുന്നത്. 2018-ല്‍ സുമയുടെ രാജിയെ തുടര്‍ന്ന് സോന്‍ഡോ കമ്മീഷന്‍ അഴിമതിയാരോപണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സുമ തന്നെയാണ് ഭരണകൂടതലത്തില്‍ നടക്കുന്ന അഴിമതിയെ കുറിച്ചുള്ള അന്വേഷണത്തിനായി തന്റെ ഭരണകാലത്ത് കമ്മീഷനെ ചുമതലപ്പെടുത്തിയത്. കമ്മീഷന്റെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ജേക്കബ് സുമ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കോടതിയലക്ഷ്യക്കേസില്‍ സുമയ്ക്ക് 2021 ജൂണ്‍ 29-ന് 15 മാസത്തെ തടവുശിക്ഷ കോടതി വിധിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തിന് ശേഷം തടവുശിക്ഷ ലഭിക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി സുമ മാറി. എന്നാല്‍, സുമയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് സേനയെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്തുവെച്ചു തന്നെ സായുധരായ സുമയുടെ അനുയായികള്‍ തടഞ്ഞു. സുമയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അവര്‍ അറിയിച്ചു. എഴുപത്തിയൊന്‍പതുകാരനായ തന്റെ പ്രായം കണക്കിലെടുക്കുമ്പോള്‍ കോവിഡ് കാലത്ത് ജയിലില്‍ കഴിയുന്നത് വധശിക്ഷയ്ക്ക് തുല്യമാണെന്നായിരുന്നു സുമയുടെ വാദം.

SA
Photo : AP

ജൂലായ് ഏഴിന് സുമ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് അദ്ദേഹത്തെ കറക്ഷണല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കോവിഡ് മാനദണ്ഡമനുസരിച്ച് 14 ദിവസം ഇവിടെ പാര്‍പ്പിച്ച ശേഷം തടവറയിലേക്ക് മാറ്റും. ഭരണഘടനാ കോടതി കീഴടങ്ങാന്‍ അനുവദിച്ച സമയം കഴിയുന്നതിന് മുമ്പേ തന്നെ സുമ കീഴടങ്ങുകയായിരുന്നു. മൂന്ന് മാസത്തിന് ശേഷം അദ്ദേഹത്തിന് ചിലപ്പോള്‍ പരോള്‍ ലഭിച്ചേക്കും. സുമയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.

മരണസംഖ്യ ഉയര്‍ന്നേക്കാം; കൊള്ളയും കലാപവും വ്യാപകം

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ജേക്കബ് സുമയുടെ ജന്മദേശമായ ക്വാസുലു-നേറ്റല്‍, ഗൗട്ടെങ് തുടങ്ങിയ ദാരിദ്ര്യരൂക്ഷിത പ്രവിശ്യകളിലാണ് അതിക്രമങ്ങള്‍ കൂടുതല്‍. ആയിരക്കണക്കിനാളുകള്‍ കച്ചവടകേന്ദ്രങ്ങള്‍ കൊള്ളയടിക്കാനെത്തിയതോടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഒട്ടേറെ പേര്‍ മരിച്ചു. അക്രമങ്ങള്‍ക്കിടെ നൂറിലധികം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ബാങ്കുകള്‍ അടച്ചിട്ടിരിക്കുകയാണ്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ഓക്‌സിജന്‍ ഉത്പാദനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തകരാറിലായി. ഫാക്ടറികളും മറ്റ് പ്രധാന വിതരണശൃംഖലകളും ബാധിക്കപ്പെട്ടു.

SA
Photo : AFP

മാളുകളിലും റേഡിയോ സ്‌റ്റേഷനുകളിലും ആളുകള്‍ അതിക്രമം തുടരുകയാണ്. 27 കൊല്ലമായി പ്രക്ഷേപണം നടത്തി വന്ന അലക്‌സ് എഫ് എം സ്റ്റേഷനേയും കലാപകാരികള്‍ ഒഴിവാക്കിയില്ല. രാത്രിയില്‍ റേഡിയോ സ്‌റ്റേഷനുള്ളില്‍ കടന്ന അക്രമകാരികള്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുകളുണ്ട്. മാളുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കൊള്ള നടക്കുന്നത്. ജോഹന്നാസ്ബര്‍ഗിലേയും സോവെറ്റോയിലേയും മാളുകള്‍ ശൂന്യമാക്കപ്പെട്ടു. കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കി. ഡര്‍ബനിലെ വെയര്‍ഹൗസ് വിതരണകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ പ്രധാന ഇറക്കുമതി കേന്ദ്രമാണ് ഡര്‍ബന്‍ തുറമുഖം.

സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു

കൂടുതല്‍ പ്രവിശ്യകളിലേക്ക് സംഘര്‍ഷം വ്യാപിക്കാതിരിക്കാനാണ് ഭരണകൂടം ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്. കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷങ്ങള്‍ നിയന്ത്രണാതീതമായി തന്നെ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. അക്രമസംഭവങ്ങളില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ മരിച്ചതായും ഏഴോളം പോലീസുകാര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. രണ്ടായിരത്തിലധികം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം കലാപകാരികള്‍ തടഞ്ഞിരിക്കുകയാണ്. ഇത് അവശ്യസാധനങ്ങളുടേതുള്‍പ്പെടെ ചരക്ക് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്.

SA
Photo : AFP

പോലീസ് അകമ്പടിയോടെ ഭക്ഷണവസ്തുക്കള്‍, മരുന്ന്, ഓക്‌സിജന്‍, ഇന്ധനം എന്നിവ കൊണ്ടു പോകുന്നുണ്ട്. അവധിയിലുള്ള എല്ലാ പോലീസുദ്യോഗസ്ഥരോടും ജോലിയില്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടതായി പോലീസ് വക്താവ് വ്യക്തമാക്കി. സൗത്ത് ആഫ്രിക്കന്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് ആയിരക്കണക്കിന് സേനാംഗങ്ങളെ രംഗത്തിറക്കിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഏറ്റവും ദുരന്തകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും ആസൂത്രിതമായി നടത്തുന്ന ആക്രമണമാണിതെന്നും പ്രസിഡന്റ് സിറില്‍ രാമപോസ പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കയിലെ കലാപങ്ങളും കൊള്ളയും ആസൂത്രിതമോ?

ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് ചില രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ആഫ്രിക്കല്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ തന്നെ രണ്ട് വിരുദ്ധധ്രുവങ്ങളുള്ളതായും അതിലൊരു വിഭാഗത്തിന് മുന്‍ പ്രസിഡന്റിനോടാണ് കൂറെന്നുമുള്ള വാദം നിലനില്‍ക്കുന്നു. സുമയുടെ ഖജനാവ് കൊള്ളയടിയ്ക്കലില്‍ നേട്ടം കൊയ്തവരാണ് ഈ വിഭാഗത്തിലെ ഭൂരിഭാഗവും. ഭരണത്തലവനെന്ന നിലയില്‍ സിറില്‍ രാമപോസയെ താറടിച്ച് കാണിക്കുന്നത് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ കലാപങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പാര്‍ട്ടിയോടടുത്ത വൃത്തങ്ങളും ഇന്റലിജന്‍സ് വിഭാഗവും സൂചന നല്‍കുന്നു.

SA
Photo : AP

എന്നാല്‍, സുമയുടെ അനുയായികള്‍ ഈ ആരോപണം നിഷേധിക്കുന്നു. സാമ്പത്തികമായും സാമൂഹികമായും രാജ്യം നേരിടുന്ന ദുരിതത്തിന് കാരണം രാമപോസയുടെ ഭരണപരാജയമാണെന്ന് ഇവര്‍ മറിച്ചാരോപിക്കുന്നു. വികസ്വരരാജ്യമായ ദക്ഷിണാഫ്രിക്കയില്‍ തൊഴിലിലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. സമൂഹത്തിലെ ദരിദ്രവിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി ഭരണകൂടം യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് രാമപോസയുടെ എതിരാളികളുടെ ആരോപണം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ ദുരിതാവസ്ഥയിലേക്ക് നീങ്ങിയതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയതാണെന്നാണ് ഈ വിഭാഗത്തിന്റെ വാദം.

എന്തായാലും സംഘര്‍ഷാവസ്ഥ മൂലം രാജ്യത്തുണ്ടായ നാശനഷ്ടങ്ങള്‍ എത്രയാണെന്ന് വിലയിരുത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. മരിച്ചവരുടെ എണ്ണം 117 എന്ന അക്കത്തില്‍ നിന്ന് ഇനിയും ഉയര്‍ന്നേക്കാം. കൂടുതല്‍ സൈനിക വിന്യാസത്തിലൂടെയോ അടിയന്തരാവസ്ഥ പോലെയുള്ള നടപടികളിലൂടെയോ പതിയെ സാഹചര്യം ശാന്തമായേക്കാം. പക്ഷെ ഇരുണ്ട ഭൂഖണ്ഡത്തിലെ, വികസനത്തിനായി ഇനിയുമേറെക്കാലം കാത്തിരിക്കേണ്ടി വരുന്ന ഒരു ജനതയ്ക്ക് ഈ കലാപങ്ങള്‍ക്ക് എന്താണ് സംഭാവന ചെയ്യാന്‍ സാധിക്കുന്നത്!

Content Highlights: South African Riots What is behind the violence and looting?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented