വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കും അവരുടെ ആശയ വിനിമയ പ്‌ളാറ്റ്‌ഫോമുകളായ വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇവയുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സക്കര്‍ബര്‍ഗിന്റെ ക്ഷമാപണം. തടസമുണ്ടായതില്‍ ഖേദിക്കുന്നു. പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഏറെനേരം വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയാതിരുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി വാട്‌സാപ്പും ട്വീറ്റ് ചെയ്തിരുന്നു. ഉപയോക്താക്കള്‍ കാണിച്ച ക്ഷമയ്ക്ക് നന്ദി പറയുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്ച രാത്രി ഇന്ത്യന്‍സമയം 9.15 മുതലാണ് ഇതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നത്. തുടര്‍ന്ന് പത്തുമണിയോടെ മൂന്നുസ്ഥാപനങ്ങളും അവരവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ക്ഷമാപണം നടത്തുകയും കേടുപാട് തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അറിയിച്ചു. അര്‍ധരാത്രിയോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരിമൂല്യം 5.5-ലേറെ ഇടിയുകയും ചെയ്തു.

ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ സര്‍വീസ് മുടങ്ങിയിട്ടുണ്ട്. പുതിയ സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിലും സന്ദേശങ്ങള്‍ പുറത്തേക്ക് അയയ്ക്കുന്നതിലും തടസ്സമുണ്ടായി. ഫെയ്സ്ബുക്ക് രാത്രിവൈകി ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ 'സോറി സംതിങ് വെന്റ് റോങ്' എന്ന സന്ദേശമാണ് എഴുതിക്കാണിച്ചിരുന്നത്. ആദ്യമായാണ് ഈ മൂന്ന് സാമൂഹിക മാധ്യമങ്ങളും ഒരേസമയം ഇത്രയേറെ നേരം പ്രവര്‍ത്തനം മുടങ്ങുന്നത്.

ഫെയ്‌സ്ബുക്കിന്റെ സുരക്ഷാവീഴ്ചകള്‍ വെളിപ്പെടുത്തി വിസില്‍ ബ്ലോവറായ ഫ്രാന്‍സെസ് ഹോജന്‍ അമേരിക്കന്‍ ചാനലായ സി.ബി.എസിന് അഭിമുഖം നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ സര്‍വീസ് തടസ്സപ്പെടല്‍. അതിനിടെ, തകരാര്‍ കൂടുതല്‍ മേഖലകളിലേക്ക് ബാധിച്ചു. ഗൂഗിളും ആമസോണും അടക്കമുള്ളവയെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഫെയ്‌സ്ബുക്കിന്റെ സുരക്ഷാവീഴ്ച വെളിപ്പെടുത്തിയത് മുന്‍ ജീവനക്കാരി

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിന്റെ സുരക്ഷാവീഴ്ചകളെക്കുറിച്ച് സുപ്രധാനരേഖകള്‍ ചോര്‍ത്തി പുറംലോകത്തെ അറിയിച്ച മുന്‍ജീവനക്കാരി ഒടുവില്‍ മറനീക്കി പുറത്തുവന്നു. കമ്പനിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന വിസില്‍ബ്ലോവറായ ഫ്രാന്‍സെസ് ഹോജന്‍ എന്ന 37-കാരിയാണ് അമേരിക്കന്‍ ചാനലായ സി.ബി.എസിനു നല്‍കിയ അഭിമുഖത്തിലൂടെ സ്വയം വെളിപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിനെ പിടിച്ചുകുലുക്കിയ ഫ്രാന്‍സെസിന്റെ വെളിപ്പെടുത്തലുകള്‍ അമേരിക്കയില്‍ കമ്പനിക്കെതിരേ നിയമനടപടികളില്‍ വരെ കാര്യങ്ങളെത്തിച്ചിരിക്കുകയാണ്. വാള്‍സ്ട്രീറ്റ് ജേണലിലൂടെയായിരുന്നു ഫ്രാന്‍സെസ് വിവാദവിവരങ്ങള്‍ പുറത്തുവിട്ടത്. അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഇക്കൊല്ലം ആദ്യം അവര്‍ ഫെയ്‌സ്ബുക്ക് വിട്ടിരുന്നു.

ഫെയ്‌സ്ബുക്കിന് സുരക്ഷയേക്കാള്‍ പ്രധാനം വളര്‍ച്ച

ഫെയ്‌സ്ബുക്കിന് സുരക്ഷയേക്കാള്‍ പ്രധാനം വളര്‍ച്ചയാണെന്നത് രേഖകളില്‍ വ്യക്തമാണെന്ന് ഫ്രാന്‍സെസ് പറയുന്നു. സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറ്റ് ഉന്നതര്‍ക്കും കമ്പനി പ്രത്യേകപരിഗണന നല്‍കുന്നു. സാധാരണ ഉപയോക്താക്കളുടെ സുരക്ഷാ കമ്പനിക്ക് വിഷയമല്ല. സുരക്ഷ വര്‍ധിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണമുണ്ടാക്കാനാണ് ശ്രമം. യു.എസ്. തിരഞ്ഞെടുപ്പുസമയം തെറ്റായ വിവരങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിരുന്നു. പക്ഷേ, അത് താത്കാലികം മാത്രമായിരുന്നു. ജനാധിപത്യത്തെ ചതിക്കുകയാണ് കമ്പനി ചെയ്തതെന്നും അവര്‍ പറഞ്ഞു.

Content Highlights: Sorry for disruption - says Zuckerberg after Facebook outage