ബെയ്ജിങ്: ഡ്രൈവിങ് ടെസ്റ്റ് പാസ്സായി നിമിഷങ്ങള്‍ക്കകം ഓടിച്ച കാര്‍ നദിയില്‍ പതിപ്പിച്ച് യുവാവ്.  വീതികുറഞ്ഞ പാലത്തിലൂടെ കാര്‍ ഓടിച്ചു പോവുന്നതും നിയന്ത്രണം തെറ്റി കാര്‍ നദിയിലേക്ക് പതിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ചൈനയിലെ സുൻയി പട്ടണത്തില്‍ ഫെബ്രുവരി 21ന് നടന്ന സംഭവമാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതിന് അഭിനന്ദനമറിയിച്ചുള്ള ടെക്സ്റ്റ് മെസ്സേജ് വായിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ടതെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ജാങ് അറിയിച്ചത്. 

"ഞാന്‍ കാറോടിച്ചു കൊണ്ടിരുന്നപ്പോള്‍ എന്റെ ഫോണ്‍കൈപ്പിടിയിലൊതുക്കി അതില്‍ വന്ന സന്ദേശങ്ങള്‍ വായിക്കാന്‍ ഞാന്‍ ശ്രമിച്ചു. ആ സമയം കാറിനു മുന്നിലൂടെ രണ്ട് പേര്‍ നടന്നു നീങ്ങി. ഇതോടെ കാറിന്റെ നിയന്ത്രണംവിട്ടു" - സംഭവത്തെ കുറിച്ച് ജാങ് പറയുന്നു.

കാറിന്റെ ഡോര്‍ ചവിട്ടി തുറക്കാന്‍ സാധിച്ചതുകൊണ്ടു മാത്രമാണ് ജാങ് രക്ഷപ്പെട്ടത്. ക്രെയിനിന്റെ സഹായത്തോടെയാണ് ജാങ്ങിനെയും കാറിനെയും വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്.

content highlights: soon after getting license driver crashes car into river while reading messages