ജനീവ: പുതിയ കൊറോണ വൈറസ് (SARS-CoV-2) വകഭേദമായ B.1.1.529-നെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ലോകാരോഗ്യ സംഘടന അതിനെ 'നൂ' വേരിയന്റ് എന്ന് നാമകരണം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാലയുടെ ക്രമത്തില്‍ നാമകരണം ചെയുന്നതാണ് ലോകാരോഗ്യ സംഘടന പിന്തുടര്‍ന്നുവന്നിരുന്ന രീതി. ക്രമം അനുസരിച്ച് അടുത്ത ഗ്രീക്ക് പദം 'നൂ' ആയിരുന്നു. 

എന്നാല്‍, വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ പാനല്‍ യോഗം ചേര്‍ന്നതിന് ശേഷം ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാനയിലും കണ്ടെത്തിയ പുതിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും അതിനെ 'ഒമിക്രോണ്‍' വകഭേദമെന്ന് നാമകരണം ചെയുന്നതായി പ്രഖ്യാപിക്കുന്നതായും അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാകും ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരമാലയിലെ നു (Nu), സൈ (Xi) എന്നീ രണ്ട് അക്ഷരങ്ങള്‍ ഒഴിവാക്കിയെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്. 

'നൂ' എന്ന പദം പുതിയത് എന്ന് അര്‍ത്ഥം വരുന്ന 'ന്യു' എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നല്‍കാതിരുന്നതെന്നും അതിന് ശേഷം വരുന്ന സൈ (Xi) എന്ന വാക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേരുമായി സാമ്യമുള്ളതിനാലാണെന്നുമൊക്കെ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറയുകയാണ്.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസറായ എപ്പിഡെമിയോളജിസ്റ്റ് മാര്‍ട്ടിന്‍ കള്‍ഡോര്‍ഫിന്റെ വിശദീകരണമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധേയമാകുന്നത്. കൊറോണ വൈറസ് വകഭേദത്തെ സൈ ('Xi') വകഭേദം എന്ന് വിളിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന അക്ഷരമാല രണ്ടക്ഷരം ചാടി പുതിയ വകഭേദത്തിന് 'ഒമിക്രോണ്‍' എന്ന് പേര് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേരുമായി സാമ്യം വരുന്നതിനാല്‍ ഒരു വിവാദം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് സമുഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്.  

അതേസമയം, 'ന്യു' എന്ന വാക്കുമായുള്ള സാമ്യമുള്ളതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനും ചൈനയെ അപകീര്‍ത്തിപ്പെടുത്താതിരിക്കാനും യഥാക്രമം 'നൂ' (Nu), 'സൈ' (Xi) എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കിയതായി ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ദി ടെലിഗ്രാഫിലെ മുതിര്‍ന്ന എഡിറ്റര്‍ പോള്‍ നുകി അവകാശപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlights: social media discussions alleges who skipped two greek alphabets for china on omicron naming