ന്യൂഡല്‍ഹി:  ന്യൂയോര്‍ക്കിലെ റീന്‍ക്ലിഫിലെ അംട്രാക് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്നു കൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍. പാളമാകെ മഞ്ഞുമൂടിയിരിക്കുകയാണ്. ഉറഞ്ഞ മഞ്ഞിന് മുകളിലൂടെ വരുന്ന ട്രെയിന്റെ ചിത്രമെടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. പൊടുന്നനെയാണ് ട്രെയിന്‍ വന്ന ശക്തിയില്‍ ഒരു സുനാമി പോലെ മഞ്ഞ് പ്ലാറ്റ്‌ഫോമിലേക്ക് അലയടിച്ച് വീണത്.

പിന്നെയാര്‍ക്കും ഒന്നും കാണാനാവാത്ത അവസ്ഥ. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. നിക്ക് കോള്‍വിന്‍ എന്നയാളാണ് ഈ ദൃശ്യം യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. മഞ്ഞിന് മുകളിലൂടെ വരുന്ന തീവണ്ടിയും പിന്നെ ശക്തിയുള്ള തിരമാല പോലെ വരുന്ന മഞ്ഞും ആദ്യം കൗതുകവും പിന്നെ ഭീതിയും സമ്മാനിക്കും. 

ഇതേ വീഡിയോയുടെ തന്നെ മറ്റൊരു ആംഗിളിലുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. തീവണ്ടി വരുന്നത് മുതല്‍ കടന്നു പോയതിന് ശേഷം പ്ലാറ്റ്‌ഫോമില്‍ എന്ത് സംഭവിച്ചു എന്നും വ്യക്തമാവുന്നുണ്ട് ഈ വീഡിയോയില്‍. വടക്കുകിഴക്കന്‍ അമേരിക്കയില്‍ വീശിയടിച്ച സ്റ്റെല്ലാ മഞ്ഞുകാറ്റിന്റെ ഫലമായി ന്യൂയോര്‍ക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മൂടിക്കിടക്കുകയാണ്‌.

ഇവിടുത്തെ സ്‌കൂളുകളും ഓഫീസുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഗതാഗതമാര്‍ഗങ്ങളും വഴിമുട്ടിയ അവസ്ഥയിലാണ്.