Snake Eel, Image: YouTube
ആപത്തിലകപ്പെടുന്ന സമയത്ത് ജീവന്‍ രക്ഷിക്കാന്‍ ഏതു വിധേനയും പൊരുതുക എന്നത് എല്ലാ ജീവികളിലുമുള്ള പ്രവണതയാണ്. ഭാഗ്യമുണ്ടെങ്കില്‍ രക്ഷപ്പെടാം. എന്നാല്‍ പൊരുതിയിട്ടും രക്ഷപ്പെടാനാവാതെ ജീവന്‍ നഷ്ടമാകുന്ന നിരവധി ജീവികളുമുണ്ട്. ഭക്ഷിക്കുന്ന ജീവികളുടെ ആമാശയം കീറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവയാണ് സ്‌നേക്ക് ഈലുകള്‍(snake eels). ഇവ രക്ഷപ്പെടുന്നതിനൊപ്പം ഇരയാക്കിയ ജീവിയ്ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്യും.
ഇരയാക്കുന്ന ശത്രുവിന്റെ വയറ്റിലകപ്പെട്ടു കഴിഞ്ഞാല്‍ രക്ഷപ്പെടാനായി ശത്രുവിന്റെ ആമാശയം കീറി പുറത്തുവരാനാണ് സമുദ്രജീവിയായ സ്‌നേക്ക് ഈലിന്റെ ശ്രമം. ഒറ്റ നോട്ടത്തില്‍ പാമ്പിനെ പോലെ തോന്നുമെങ്കിലും ഒരു തരം മത്സ്യമാണ് ഈലുകള്‍. സ്‌നേക്ക് ഈലുകളുടെ വാലിന്റെ ഭാഗം മൂര്‍ച്ചയേറിയതാണ്. ശരീരത്തിന്റെ പകുതി ഭാഗത്തോളം മൂര്‍ച്ചയുള്ള ആയുധമായി ഉപയോഗിക്കുന്ന ഇവ പരമാവധി പ്രത്യാക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. മൂര്‍ച്ചയുള്ള വാലല്ലാതെ ചിറകുകളോ ശല്‍ക്കങ്ങളോ ഇവയ്ക്ക് രക്ഷാകവചങ്ങളായി ഇല്ല.
ഇരതേടുന്ന ഏതെങ്കിലും മത്സ്യം സ്‌നേക്ക് ഈലിനെ വിഴുങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഇതിന്റെ ശ്രമം രക്ഷപ്പെടുക എന്നതാണ്. ഇതിനായി, ഇരയാക്കിയ മത്സ്യത്തിന്റെ വയര്‍ വാലുപയോഗിച്ച് പിളര്‍ത്താനാവും ഈലിന്റെ ശ്രമം. ഉറപ്പുള്ള, കൂര്‍ത്ത് മൂര്‍ച്ചയുള്ള വാലുപയോഗിച്ചാണ് ഈ പരിശ്രമം.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞന്മാരാണ് സ്‌നേക്ക് ഈലുകളുടെ ഇത്തരത്തിലുള്ള ജീവന്‍ രക്ഷാമാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. ദഹനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവ രക്ഷപ്പെടാനുള്ള ശ്രമം ആരംഭിക്കും. എന്നാല്‍ നിര്‍ഭാഗ്യകരമായ ചില സന്ദര്‍ഭങ്ങളില്‍ വിഴുങ്ങിയ മത്സ്യത്തിന്റെ കാഠിന്യമേറിയ വാരിയെല്ലുകള്‍ മുറിക്കാന്‍ ഇവയ്ക്ക് സാധ്യമാവാതെ വരും. പിന്നെ ഭക്ഷിച്ച ജീവിയുടെ ആമാശയത്തില്‍ കുടുങ്ങിക്കിടക്കുകയേ വഴിയുള്ളൂ. താമസിയാതെ ആ ജീവിയുടെ ആമാശയത്തിനുള്ളില്‍ പതിയെ ഒരു തരം മമ്മി അവസ്ഥയില്‍ ഇവ സംരക്ഷിക്കപ്പെടും(mummified).

ഇത്തരത്തില്‍ സംരക്ഷിക്കപ്പെട്ട സ്‌നേക്ക് ഈലുകളെ കണ്ടെത്തിയതോടെയാണ് ഇവയുടെ രക്ഷപ്പെടല്‍ ശ്രമത്തെ കുറിച്ചുള്ള പഠനത്തിന് ശാസ്ത്രജ്ഞന്മാര്‍ മുതിര്‍ന്നത്. വാല്‍ഭാഗം ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിലെ മണല്‍ ഈലുകള്‍ കുഴിക്കാറുണ്ട്. സാധാരണ കുഴിയുണ്ടാക്കുന്ന ജീവികളില്‍ വ്യത്യസ്തമായ ജീവിയാണ് സ്‌നേക്ക് ഈലുകള്‍. ഇതേ പ്രവണതയാണ് ഭക്ഷിക്കുന്ന മത്സ്യത്തിന്റെ വയറ്റിലെത്തിയാലുടനെ ഇവ പ്രകടിപ്പിക്കുന്നതെന്ന് ക്വീന്‍സ് ലാന്‍ഡ് മൂസിയത്തിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.
ഏഴ് ഉപവര്‍ഗത്തിലുള്ള സ്‌നേക്ക് ഈലുകളുടെ ശാരീരികാവശിഷ്ടങ്ങള്‍ മത്സ്യങ്ങളുടെ ആമാശയത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചില അവസരങ്ങളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ജീവനുള്ള ഈലുകളേയും കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി 20 മുതല്‍ 30 സെന്റിമീറ്ററാണ് ഇവയുടെ നീളം. ഇവയുടെ നീണ്ടു മെലിഞ്ഞ ശരീരാകൃതി മറ്റു ജീവികള്‍ക്ക് ഇവയെ മുഴുവനോടെ വിഴുങ്ങാന്‍ ഇടയാക്കുന്നു. ഇത് ജീവഹാനി കൂടാതെ ഭക്ഷിക്കുന്ന ജീവിയുടെ ആമാശയത്തിലേക്കെത്താന്‍ ഒരു തരത്തില്‍ ഇവയെ സഹായിക്കുന്നു.
Content Highlights: Snake Eels Can Burst Through Predators' Stomachs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..