വാഷിങ്ടണ്‍: ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് ചെറുവിമാനം വീടിനു മുകളിലേക്ക് വീണു. അമേരിക്കയിലെ ഡാന്‍ബറയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പൈലറ്റ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. 

അമാന്‍ഡ വിന്‍സിയോ ഒലിവെയ്‌റ എന്ന സ്ത്രീയുടെ വീടിനു മുകളിലേക്കാണ് വിമാനം വീണത്. അമാന്‍ഡ ഉള്‍പ്പെടെ മൂന്നുപേരാണ് സംഭവസമയത്ത് വീടിനുള്ളിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുകളില്ല. എന്നാല്‍ പരിശോധനകള്‍ക്കായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനമാണ് ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് വീടിനു മുകളിലേക്ക് വീണത്. ഒരു വെടിയൊച്ചയും ചെറിയ സ്‌ഫോടനത്തിന്റെ ശബ്ദവും കേട്ടു-സംഭവത്തെ കുറിച്ച് അയല്‍വാസികളില്‍ ഒരാള്‍ പറയുന്നതിങ്ങനെ. സംഭവസ്ഥലത്തേക്ക് ചെല്ലുമ്പോള്‍ പൈലറ്റ് തന്റെ കണ്ണട തിരഞ്ഞ് നടക്കുകയായിരുന്നുവെന്ന് നഗരത്തിന്റെ മേയര്‍ മാര്‍ക്ക് ബോട്ടണ്‍ പറഞ്ഞു.

വിമാനത്തിന്റെ ചിറകുകളും മറ്റു ഭാഗങ്ങളും വീടിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിക്കിടക്കുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ഇവ നീക്കം ചെയ്യും.

content highlights: small plane crashed into house in danbury america