Image Credits: Twitter
വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരനെകാല്‍മുട്ടുകള്‍ കൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന പോലീസുകാരനെ ചൊല്ലി അമേരിക്കയെ അക്ഷരാര്‍ഥത്തില്‍ അഗ്‌നിക്കിരയാക്കുകയാണ് ഒരു കൂട്ടം ജനങ്ങള്‍. അമേരിക്കയിലെ മിനിയാപോളിസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പോലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വന്‍ പ്രതിഷേധം ഉയരുന്നത്. വൈറ്റ്ഹൗസ് അടക്കമുള്ള അമേരിക്കയുടെ തന്ത്രപ്രധാന മേഖലകളിലെല്ലാം വാഹനങ്ങളും കെട്ടിടങ്ങളുമടക്കം അഗ്‌നിക്കിരയാക്കി വലിയ പ്രതിഷേധമാണ് ഉയരുന്നത്.
തുടര്‍ച്ചയായ ആറാം ദിവസമാണ് അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നത്. ഞായറാഴ്ച അര്‍ധരാത്രിയോടെ വൈറ്റ് ഹൗസിന് മുന്നിലെ പ്രതിഷേധം അക്രമത്തിലേക്ക് കടന്നതോടെ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. 'എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന്' എന്ന ജോര്‍ജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കി അത് ഉറക്കെ വിളിച്ചാണ് രാജ്യമെമ്പാടും പ്രതിഷേധം കനപ്പിക്കുന്നത്. നിനക്ക് ശ്വാസം കിട്ടുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കെങ്ങനെ ശ്വാസം കിട്ടാനെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. സംഭവത്തില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെങ്കിലും രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ജോര്‍ജിന്റെ കൊലപാതകത്തിനെതിരേ ഉയരുന്ന പ്രതിഷേധം.
വൈറ്റ് ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നൂറ് കണക്കിന് പ്രതിഷേധക്കാരെ രഹസാന്വേഷണ വിഭാഗവും പോലീസും ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വൈറ്റ് ഹൗസിനകത്തുള്ള ബങ്കറിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായതിന തുടര്‍ന്ന് വാഷിങ്ടണിലടക്കം നാല്പതോളം നഗരങ്ങളില്‍ ഞായറാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വാഹനങ്ങള്‍ ഇടിച്ചുകയറ്റുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂട പ്രചരിച്ചിരുന്നു.
Content Highlights: Slogans outside white house over George Floyd's Killing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..