
Photo Courtesy: www.facebook.com/czechrepublic
പ്രാഗ്: ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. സ്കൈ ബ്രിഡ്ജ് 721 എന്ന് പേരു നല്‍കിയിരിക്കുന്ന തൂക്കുപാലം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നുകൊടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ഏകദേശം രണ്ടുവര്‍ഷം കൊണ്ടാണ് സ്കൈ ബ്രിഡ്ജ് 721-ന്റെ നിര്‍മാണം പൂര്‍ത്തിയായത്. മേഘാവരണം പുതച്ചുനില്‍ക്കുന്ന ജെസന്കി മലനിരകളും സമീപദൃശ്യങ്ങളും വിനോദസഞ്ചാരികള്‍ക്ക് മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നത്. രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം താഴ്വരയില്‍നിന്ന് 95 മീറ്റര്‍ (312 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേബിള്‍ കാര്‍ ഉപയോഗിച്ചാണ് ഇതിലേക്ക് എത്തിച്ചേരാന്‍ സാധിക്കുക. 721 മീറ്റര്‍ അഥവാ (2365 അടി) നീളമാണ് ഈ തൂക്കുപാലത്തിനുള്ളത്.

പാലത്തിലൂടെ ഒരുവശത്തേക്കാണ് സന്ദര്‍ശകര്‍ക്ക് നടക്കാനാവുക. മറുവശത്ത് എത്തിയ ശേഷം നടപ്പാതയിലൂടെ വനത്തിലേക്ക് ഇറങ്ങാം. അവിടെവെച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ ചരിത്രം അറിയാനുള്ള അവസരവും സന്ദര്‍ശകര്‍ക്ക് ലഭിക്കും. 1.2 മീറ്റര്‍ വീതിയുള്ള തൂക്കുപാലത്തിലൂടെ എല്ലാ പ്രായത്തിലും ഉയരത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശിക്കാം. എന്നാല്‍ പുഷ്ചെയറുകളുടെയോ വീല്‍ ചെയറുകളുടെയോ സഹായത്താല്‍ സഞ്ചരിക്കുന്നവര്‍ക്ക് ഈ പാലം അനുയോജ്യമല്ല.
Also Read

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് 200 ദശലക്ഷം ക്രൗണ്‍സ് അഥവാ 8.4 ദശലക്ഷം ഡോളറാണ് ഈ തൂക്കുപാലത്തിന്റെ നിര്‍മാണത്തിനായി ചിലവഴിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം എന്ന ഗിന്നസ് റെക്കോഡ് ഇതുവരെ നേപ്പാളിലെ ബാഗ്ലുങ് പര്‍ബത് ഫൂട്ട്ബ്രിഡ്ജിനായിരുന്നു. ഈ റെക്കോഡ് ആണ് ഇപ്പോള്‍ സ്കൈ ബ്രിഡ്ജ് 721 സ്വന്തമാക്കിയിരിക്കുന്നത്. ബാഗ്ലുങ് പര്‍ബത് ഫൂട്ട് ബ്രിഡ്ജിനേക്കാള്‍ 154 മീറ്റര്‍ നീളംകൂടുതലുണ്ട് സ്കൈ ബ്രിഡ്ജ് 721-ന്. ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗില്‍നിന്ന് 2.5 മണിക്കൂര്‍ ദൂരെയാണ് സ്കൈ ബ്രിഡ്ജ് 721 സ്ഥിതി ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..