ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി സഹപഠികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തു. വടക്കുപടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ ഐഡഹോയിലെ സ്‌കൂളിലാണ് സംഭവം. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നും അധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നും പോലീസ് അറിയിച്ചു. 

റിഗ്ബി മിഡില്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വെടിയുതിര്‍ത്തത്. 11 അല്ലെങ്കില്‍ 12 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്ന പെണ്‍കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ബാഗില്‍ കൊണ്ടുവന്ന തോക്കെടുത്ത് പെണ്‍കുട്ടി സ്‌കൂളിന് പുറത്തും അകത്തുമായി വെടിയുതിര്‍ക്കുകയായിരുന്നു. 

രണ്ട് വിദ്യാര്‍ഥികള്‍ക്കും ഒരു സ്‌കൂള്‍ ജീവനക്കാരനുമാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. അധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വിദ്യാര്‍ഥിനിയെ കസ്റ്റഡില്‍ എടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  

Content Highlights: Sixth-Grade Girl Opens Fire At US School, Injures 3