siriya
ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് ഇലകള്‍ വേവിച്ച് കഴിക്കുന്ന
സിറിയന്‍ കുട്ടികള്‍. ഫോട്ടോ- ഡെയ്‌ലി മെയില്‍

റാഖ: ആഭ്യന്തര സംഘര്‍ഷത്താല്‍ തകര്‍ന്നടിഞ്ഞ സിറിയയില്‍ നിന്ന് രക്ഷപ്പെടാനാകാതെ കുടുങ്ങിയവര്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നതായി റിപ്‌പോര്‍ട്ടുകള്‍. ഭക്ഷണം ലഭ്യമല്ലാതായി വന്നതോടെ ആളുകള്‍ കിട്ടുന്നതെന്തും കഴിക്കും എന്ന നിലയിലേക്ക് എത്തി. അരുമയായി വളര്‍ത്തിയ പുച്ചയും നായയും ഭക്ഷണമാക്കുന്നതും പുല്ലുകളും, ഇലകളും മാലിന്യങ്ങള്‍ പോലും ഭക്ഷണമാക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നു.

ഇടയ്ക്കിടെ ഹെലികോപറ്ററുകളില്‍ കൂടി താഴേക്കിടുന്ന ഭക്ഷണമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ. തണുപ്പ് കാലം കടുത്തതും ജീവിത ദുരിതം കൂട്ടി. വൈദ്യുതിയും ഇന്ധനവും ഇല്ലാത്തതിനാല്‍ വീടിന്‌റെ ജനലുകളും വാതിലുകളും തീയെരിച്ചാണ് തണുപ്പില്‍ നിന്ന് രക്ഷപ്പെടുന്നത്. ഭക്ഷണം തേടിയിറങ്ങലാണ് പ്രദേശ വാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

siria
മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് ഭക്ഷണം തേടുന്നയാള്‍. ഫോട്ടോ- ഡെയ്‌ലി മെയില്‍

ഭീകരരും വിമതരും സൈന്യവും എതിരാളികളെ നേരിടാനായി സ്ഥാപിച്ചിരിക്കുന്ന കുഴിബോംബുകളില്‍ തട്ടി ജീവന്‍ നഷ്ടപ്പെടാം. അല്ലെങ്കില്‍ പട്ടിണി കിടന്ന് ഇഞ്ചിഞ്ചായ് മരിക്കാം. അല്ലെങ്കില്‍ ആരുടെയെങ്കിലും വെടിയേറ്റ് മരിക്കും. ഇതാണ് സിറിയയിലെ അവസ്ഥ.  റാഖ, ഫര്യ, മഡയ, അലപ്പൊ, ദമാസകസ് തുടങ്ങിയ നഗരങ്ങളാണ് പ്രതിസന്ധിയില്‍.  ഇവിടങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ടത്. രക്ഷപ്പെടാന്‍ കഴിയാത്തവരുടെ അവസ്ഥയാണ് ഇത്.

siriya
ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന്
ശരീരം ശോഷിച്ച സിറിയന്‍ ബാലന്‍.
ഫോട്ടോ- ഡെയ്‌ലി മെയില്‍

ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരര്‍, ഭരണാധികാരിയായ അസദിനെ എതിര്‍ക്കുന്ന റിബലുകള്‍, അസദ്  അനുകൂലികള്‍ എന്നിവരുടെ ഇടയില്‍ പെട്ട് മരമണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന അവസ്ഥയിലാണ് സിറിയക്കാര്‍. ഇദ്‌ലിബ് പ്രവിശ്യയിലുള്ളവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. മരുന്നുകളില്ല, ആസ്പത്രികള്‍ പ്രവര്‍ത്തിക്കുന്നില്ല, ശസ്ത്രക്രിയകള്‍ നടത്തുന്നതാകട്ടെ അനസ്‌തേഷ്യ പോലും നല്‍കാതെ.

ശോഷിച്ച് അസ്ഥികുടമായ മനുഷ്യക്കോലങ്ങള്‍ ഇദ്‌ലിബില്‍ സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. പോരാട്ട ഭൂമിയില്‍ നിന്ന് ഇവരെ രക്ഷിച്ചെടുക്കുക എന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി.