സിംഗപ്പൂർ (പ്രതീകാത്മക ചിത്രം) |ഫോട്ടോ: AFP
സിംഗപ്പൂര്‍: ലാബില്‍ സൃഷ്ടിച്ചെടുക്കുന്ന ചിക്കന്‍ മാംസം വില്‍ക്കുന്നതിന് യുഎസ് സ്റ്റാര്‍ട്ട് അപ്പായ ഈറ്റ് ജസ്റ്റ് ഗ്രീന്‍ലൈറ്റിന് സിംഗപ്പൂര്‍ അനുമതി നല്‍കി. ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ലാബ് മാംസത്തിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സാധാരണ മാംസത്തിന് പകരമുള്ള ഉപഭോക്തൃ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലാബ് മാംസം പുറത്ത് വരുന്നത്.
അതേ സമയം ശുദ്ധമായ മാംസം എന്നും സംസ്‌കരിച്ച മാംസം എന്നും വിളിക്കപ്പെടുന്ന ലാബില്‍ മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന ഇതിന് നിലവില്‍ ഉത്പാദന ചെലവ് വളരെ കൂടുതലാണ്.
'സുരക്ഷിതമായ മനുഷ്യ ഉപഭോഗത്തിനായി മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് നേരിട്ട് സൃഷ്ടിച്ച യഥാര്‍ത്ഥവും ഉയര്‍ന്ന നിലവാരമുള്ളതുമായ മാംസത്തിന്റെ ലോകത്തിലെ ആദ്യത്തെ റെഗുലേറ്ററി അംഗീകാരം സിംഗപ്പൂരില്‍ വരാനിരിക്കുന്ന ചെറുകിട വാണിജ്യ സംരംഭത്തിന് വഴിയൊരുക്കുന്നു' ഈറ്റ് ജസ്റ്റ് ബുധനാഴ്ച പറഞ്ഞു.
50 ഡോളറാണ് ഇതിന്റെ വിലയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാധാരണ ചിക്കന് തുല്യമായ വിലക്ക് ഇത് നല്‍കാനാകുമെന്ന് ഈറ്റ് ജസ്റ്റിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജോഷ് ടെട്രിക് പറഞ്ഞു. അതേ സമയം ഇതിന്റെ കൃത്യമായ ചെലവുകളോ വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
2021-അവസാനിക്കുന്നതിന് മുമ്പായി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ച് സംരംഭം ലാഭകരമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ജോഷ് ടെട്രിക് കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ രണ്ട് ഡസനിലധികം കമ്പനികള്‍ നിലവില്‍ ലാബ് മത്സ്യം, ഗോമാംസം, ചിക്കന്‍ എന്നിവ പരീക്ഷിക്കുന്നുണ്ട്. 2029 ഓടെ 140 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൃത്രിമ ഇറച്ചിയുടെ വിപണിയുണ്ടാകുമെന്ന് ബാര്‍ക്ലെയ്‌സ് കണക്കാക്കുന്നു.
Content Highlights: Singapore Becomes First Country To Approve Sale Of Lab-Grown Meat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..