ഹൂസ്റ്റണ്‍: പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യര്‍ഥിച്ച് ബലൂച്, സിന്ധ്, പഷ്‌തോ മേഖലയില്‍ നിന്നുള്ളവര്‍. ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഹൗഡി മോദി പരിപാടിക്കായി മോദിയും ട്രംപും ഒന്നിക്കുന്ന എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ എത്തി ഈ മേഖലയില്‍ നിന്നുള്ള അമേരിക്കയിലെ പ്രതിഷേധക്കാര്‍ ഇരു രാഷ്ട്ര നേതാക്കളെയും കാണുമെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ ഉള്ളവര്‍. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂണ്‍ വിഭാഗക്കാര്‍. പാക് ഭരണകൂടത്തില്‍ നിന്നും സൈന്യത്തില്‍ നിന്നും നിരന്തരം പീഡനങ്ങളും അവഗണനയും നേരിടുന്നവരാണ് ഇവര്‍.

ഈ മൂന്നു വിഭാഗങ്ങളും സ്വാതന്ത്ര്യമെന്ന ആവശ്യത്തിന് പിന്തുണയുമായി ഇരു നേതാക്കളെയും കാണാനെത്തുന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഹൗഡി മോദി പരിപാടി നടക്കുന്ന ഹൂസ്റ്റണില്‍ ഇവര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തങ്ങള്‍ക്കെതിരെ പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തുന്നതെന്ന് ഇവര്‍ പറയുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നല്‍കിയതുപോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് സഹായമുണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണല്‍ മൂവ്‌മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറയുന്നു.

ബലൂചികള്‍ക്കൊപ്പം നൂറോളം വരുന്ന സിന്ധികളും പരിപാടി നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് സമാന ആവശ്യം ഉന്നയിച്ച് ഒത്തുചേരും. തങ്ങള്‍ ഉയര്‍ത്തുന്ന പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് മോദിയുടെയും ട്രംപിന്റെയും ശ്രദ്ധ പിടിച്ചുപറ്റാണ് ഇവരുടെ ശ്രമം. 

Content Highlights: Sindhi, Baloch and Pashto groups have gathered in Houston, demand freedom from Pakistan