ന്യൂയോര്‍ക്ക്: കേരളത്തിലും കര്‍ണാടകത്തിലും ഐ.എസ്. ഭീകരവാദികളുടെ എണ്ണം ഗണ്യമായ അളവിലുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഐ.എസ്., അല്‍ ഖ്വയ്ദ, ഇവരുമായി ബന്ധമുള്ള വ്യക്തികള്‍ തുടങ്ങിയവയെ കുറിച്ച് പ്രതിപാദിക്കുന്ന, അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിട്ടറിങ് ടീമിന്റെ 26-ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദയില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 150 മുതല്‍ 200 അംഗങ്ങള്‍ വരെയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേഖലയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേല്‍മന്ദ്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍നിന്ന് താലിബാനു കീഴിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നായി നിലവില്‍ 150-200 അംഗങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഒസാമ മഹ്മൂദ് ആണ് നിലവിലെ തലവന്‍.

അസിം ഉമര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒസാമ മഹ്മൂദ് തലപ്പത്ത് എത്തിയത്. ഉമറിന്റെ മരണത്തിനു പകരം വീട്ടാന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇവര്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിലും കര്‍ണാടകത്തിലും ഗണ്യമായ അളവില്‍ ഐ.എസ്. ഭീകകവാദികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു.

കശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു തൊട്ടുപിന്നാലെ ആയിരുന്ന ഈ പ്രഖ്യാപനം. പുതിയ പ്രവിശ്യക്ക് വിലായ ഓഫ് ഹിന്ദ്(ഇന്ത്യ പ്രവിശ്യ) എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും അമാഖ് ന്യൂസ് ഏജന്‍സിയിലൂടെ ഐ.എസ്. അവകാശപ്പെട്ടിരുന്നു.

content highlights: significant number isis terrorist in kerala and karnataka says un report