ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണില്‍ ഉണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും 300ലേറെപ്പേര്‍ മരിച്ചു. കനത്ത മഴയ്ക്കിടെ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ ആറിനാണ് തലസ്ഥാനമായ ഫ്രീടൗണിനടുത്ത് മണ്ണിടിച്ചിലുണ്ടായത്. നിരവധി വീടുകള്‍ മണ്ണിനടിയിലായി.

ഈസമയത്ത് പ്രദേശത്തെ മിക്കവരും ഉറക്കത്തിലായിരുന്നു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ജനങ്ങളുടെ നേതൃത്വത്തില്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. 312 പേരുടെ മരണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞതായി റെഡ് ക്രോസ് വക്താവ് പാട്രിക് മസാക്വോയിയെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നൂറോളം വീടുകളാണ് മണ്ണിനടിയില്‍പ്പെട്ടത്.

2000 ത്തോളം പേര്‍ ഭവനരഹിതരായെന്ന് സിയേറ ലിയോണ്‍ ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരന്തത്തില്‍നിന്ന് രക്ഷപെട്ടവര്‍ ബന്ധുക്കളെത്തേടി അലയുകയാണെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിയേറ ലിയോണില്‍ കനത്ത മഴ നാശം വിതയ്ക്കുന്ന സംഭവങ്ങള്‍ പതിവാണ്. 2015 ല്‍ ഫ്രീടൗണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പത്തുപേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ ഭവന രഹിതരാകുകയും ചെയ്തിരുന്നു.