'രക്ഷപ്പെടാന്‍ പത്ത് മിനിട്ടാണ് കിട്ടിയത്, കണ്‍മുന്നില്‍ ഗാസയിലെ ആ കെട്ടിടം തകര്‍ന്നുതരിപ്പണമായി'


3 min read
Read later
Print
Share

ഇസ്രയേൽ ബോംബിട്ട് തകർത്ത ഗാസയിലെ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം ഫോട്ടോ: എ.എഫ്.പി.

ഗാസ സിറ്റി: ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ദുരിത വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും അതിനിടയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായവരുടേയും ദൃശ്യങ്ങള്‍ അലോസരപ്പെടുത്തുന്നവയാണ്.

ഇപ്പോഴിതാ ആക്രമണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ പ്രതിനിധി. ഗാസയില്‍ അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് ഇസ്രയേല്‍ ഇന്നലെ ബോംബിട്ട് തകര്‍ത്തത്. എ.പി പ്രതിനിധിയുടെ കുറിപ്പ് ഇങ്ങനെ..

' ഉച്ചയ്ക്ക് 2 മണിയോട് അടുത്തുകാണും. ഗാസയിലെ അസോസിയേറ്റഡ് പ്രസിന്റെ ഓഫീസിനുള്ളില്‍ രണ്ട് മുകളിലെ നിലയില്‍ ചെറിയ മയക്കത്തിലായിരുന്നു ഞാന്‍. 2006 മുതല്‍ ഇതാണ് ഞങ്ങളുടെ ഓഫീസ്. കഴിഞ്ഞ കുറേ ദിവസങ്ങളായി അസാധാരണ സംഭവ വികാസങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല.

സഹപ്രവര്‍ത്തകരുടെ നിലവിളി കേട്ടുകൊണ്ടാണ് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. മോശമായ എന്തെങ്കിലും ഗാസ നഗരത്തില്‍ സംഭവിച്ചുവോ? അറിയില്ല.

ബഹളം കേട്ട് താഴെ നിലയിലേക്ക് ഓടിപ്പോയപ്പോള്‍ കണ്ടത് ഹെല്‍മെറ്റും സുരക്ഷാ വസ്ത്രങ്ങളും ധരിച്ച് ഓടിപ്പോവുന്ന സഹപ്രവര്‍ത്തകരെയാണ്. Evacuation! Evacuation! എന്ന് അവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. കാര്യമെന്താണ് വ്യക്തമായില്ലെങ്കിലും രക്ഷപ്പെടാനുള്ള അറിയിപ്പാണതെന്ന് മനസ്സിലായ ഉടന്‍ ഞാനും വെപ്രാളപ്പെട്ട് ഓടാന്‍ തുടങ്ങി.

ഇസ്രായേല്‍ സൈന്യം ഞങ്ങളുടെ കെട്ടിടത്തേയും ലക്ഷ്യം വെച്ചതായിരുന്നുവെന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്. കെട്ടിടം തകര്‍ക്കുന്നതിന് മുന്‍പ് അവര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നതാണ്. കിട്ടിയ ആ ചെറിയ സമയത്തിനുള്ളില്‍ രക്ഷപ്പെടാനുള്ള തത്രപ്പാടാണ് ഇപ്പോള്‍ കണ്ടതെന്ന് എനിക്ക് മനസ്സിലായി.

ഈ ആഴ്ച മാത്രം മൂന്ന് കെട്ടിടങ്ങളാണ് ഇസ്രായേലി സൈന്യം തകര്‍ത്തത്. ചിലപ്പോള്‍ തകര്‍ക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കും. ഞങ്ങള്‍ക്കും കിട്ടിയിരുന്നു മുന്നറിയിപ്പ്. പക്ഷെ എനിക്ക് രക്ഷപ്പെടാന്‍ അപ്പോഴേക്കും വെറും പത്ത് മിനുട്ട് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

എന്തൊക്കെയാണ് എടുക്കേണ്ടതെന്ന് നിശ്ചയമില്ല. പത്ത് നിമിഷം മാത്രമാണ് ബാക്കിയുള്ളത്. കണ്ണില്‍ കണ്ടതെല്ലാം വാരിയെടുത്തു. ലാപ്‌ടോപ്പ്, ഏതാനും ഇലക്ട്രിക് ഉപകരണങ്ങള്‍, വര്‍ഷങ്ങളായി എന്റെ ജോലി സ്ഥലമായിരുന്ന ടേബിളില്‍ ഉണ്ടായിരുന്ന കുറച്ച് മെമെന്റോകള്‍, കുടുംബചിത്രം, മകള്‍ എനിക്ക് സമ്മാനമായി നല്‍കിയ ഒരു കോഫി കപ്പ്, അസോസിയേറ്റഡ് പ്രസില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന് നല്‍കിയ പ്രശസ്തിപത്രം.. കണ്ണില്‍ കണ്ടതൊക്കെ കൈക്കലാക്കി ഓടിരക്ഷപ്പെടാന്‍ തുടങ്ങി. മനസ്സില്‍ പേടിയും വെപ്രാളവും സങ്കടവും അമ്പരപ്പുമെല്ലാം കൂടിച്ചേര്‍ന്ന അവസ്ഥ.

സാധനങ്ങളുമെടുത്ത് ഓഫീസിന്റെ വാതില്‍ക്കലെത്തി വര്‍ഷങ്ങളായി എന്റെ രണ്ടാം വീടായിരുന്ന ആ ഓഫീസിനെ ഏറ്റവും ഒടുവില്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി.. ഇനി ഒരിക്കലും ഈ കാഴ്ചയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കണ്ണ് മങ്ങുന്നത് പോലെ.. അപ്പോഴേക്കും പത്ത് മിനുട്ട് അവസാനിക്കാറായിരുന്നു. ഹെല്‍മെറ്റും ധരിച്ച് ഞാന്‍ കെട്ടിടത്തില്‍ നിന്ന് പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ഓടി.

പതിനൊന്ന് നിലകളാണ് ഞാന്‍ ഓടിയിറങ്ങിയത്. പാര്‍ക്കിങില്‍ എത്തിയപ്പോള്‍ കണ്ടത് എന്റെ കാര്‍ മാത്രം ബാക്കിയായതാണ്. മറ്റെല്ലാവരും പോയിക്കഴിഞ്ഞിരുന്നു. കയ്യിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കാറിലേക്ക് വലിച്ചെറിഞ്ഞ് ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പുറത്തേക്ക് വന്നു.

gaza
ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്ത ഗാസയിലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഫോട്ടോ: എ.എഫ്.പി.

കെട്ടിടത്തിന്റെ സമീപത്തായി കെട്ടിടത്തിന്റെ ഉടമസ്ഥന്‍ ഫോണില്‍ ഇസ്രായേല്‍ സൈന്യത്തോട് അല്‍പം കൂടി സമയം തരാന്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു നിമിഷം പോലും കൂടുതല്‍ അനുവദിക്കാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ആവശ്യമെങ്കില്‍ ഒന്നു കൂടി കെട്ടിടത്തിനകത്ത് പ്രവേശിച്ച് എല്ലാവരും രക്ഷപ്പെട്ടുവെന്ന് ഉറപ്പാക്കാമെന്ന് അയാള്‍ പറഞ്ഞു.

നിമിഷങ്ങള്‍ ശരവേഗത്തില്‍ പോകുന്നു. കെട്ടിടത്തില്‍ ഏറെക്കാലമായി കുടുംബമായി താമസിച്ച ആളുകളുണ്ടായിരുന്നു. അവര്‍ എങ്ങോട്ട് പോകും? ഞാന്‍ ആശങ്കയോടെ ആലോചിച്ചു. അപ്പോഴേക്കും കൂടെയുള്ള മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ദൃശ്യങ്ങള്‍ തത്സമയം പകര്‍ത്താന്‍ ആരംഭിച്ചിരുന്നു. നോക്കിനില്‍ക്കുന്നതിനിടെയാണ് ആകാശത്ത് ഏതാനും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതും കെട്ടിടത്തിനു മുകളിലേക്ക് ബോംബുകള്‍ വര്‍ഷിച്ചുതുടങ്ങിയതും. കണ്‍മുന്നില്‍ ആ വലിയ കെട്ടിടം പാളികളായി അടര്‍ന്നുവീണു തുടങ്ങി. പുകയിലും പൊടിയിലും ഞങ്ങളും അപ്രത്യക്ഷരായി. അപ്പോഴും എന്റെ പോക്കറ്റില്‍ എന്റെ ഓഫീസ് മുറിയുടെ താക്കോല്‍ മാത്രം ഭദ്രമായിരുന്നു.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ദുഷ്‌കരമായിരുന്നു ആ കാഴ്ച. താങ്ങാവുന്നതിലുമപ്പുറം. എന്നാല്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്ക് പറ്റുകയോ ചെയ്തില്ലെന്ന് ഓര്‍ത്തപ്പോള്‍ ഒരേസമയം ആശ്വാസവും അനുഭവപ്പെട്ടു.

വെള്ളിയാഴ്ച സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ ഗാസയിലെ ഞങ്ങളുടെ തോട്ടം തകര്‍ന്നിരുന്നു. ഇപ്പോഴിതാ ഓഫീസ് കെട്ടിടവും. ഓഫീസ് കെട്ടിടം സുരക്ഷിതമാവുമെന്നുമാണ് ഞാന്‍ കരുതിയിരുന്നത്. എ.പിയുടേയും അല്‍ജസീറയുടേയും ഓഫീസുകള്‍ ഒരേ കെട്ടിടത്തിലാണ്. ഏറ്റവും സുരക്ഷിതമെന്ന്, ലക്ഷ്യമാവില്ലെന്ന് പ്രതീക്ഷിച്ച കെട്ടിടം ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നു.

ഞാന്‍ ജനിച്ചതും വളര്‍ന്നതുമായ നാടാണ് ഗാസ. ഇപ്പോള്‍ ഞാന്‍ എന്റെ സഹോദരങ്ങളും അമ്മയും താമസിക്കുന്ന സ്ഥലത്താണുള്ളത്. സുരക്ഷിതമാണെന്ന് പറയാം. പക്ഷെ ഇവിടേയും സുരക്ഷിതമല്ല, കാരണം ഗാസയില്‍ സുരക്ഷിതസ്ഥലം എന്നൊന്നില്ല.

ഏറ്റവും മോശം സംഭവിക്കുമെന്ന് ഭയപ്പെട്ടാണ് ഗാസയിലെ ഓരോ മനുഷ്യനും ഇപ്പോള്‍ ജീവിക്കുന്നത്. തിങ്കളാഴ്ച മുതല്‍ 145 പേരാണ് ഇവിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

എന്റെ തൊഴിലിനെ, ജീവിതത്തെ പടുത്തുയര്‍ത്തിയ ആ കോണ്‍ക്രീറ്റ് കൂടാരത്തെ നോക്കി മരവിച്ചുനില്‍ക്കുകയല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു. അപ്പോഴും വരും ദിവസങ്ങളില്‍ മരണ വാര്‍ത്തകളും ദുരന്തങ്ങളും ഞങ്ങളെ കാത്തിരിക്കില്ലേ എന്നായിരുന്നു എന്റെ പ്രാര്‍ഥന. ഗാസയിലെ ഓരോ മനുഷ്യന്റേയും പ്രാര്‍ഥന ഇപ്പോള്‍ ഇതുതന്നെ ആയിരിക്കും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IND-US-CAN

1 min

നിജ്ജര്‍ വധം; തെളിവുകള്‍ 'ഫൈവ് ഐസ്' കാനഡയെ അറിയിച്ചിരുന്നുവെന്ന് US സ്ഥാനപതി

Sep 24, 2023


Morocco Earthquake

2 min

മൊറോക്കോ ഭൂചലനം: മരണം 1,000 കടന്നു; സഹായ വാഗ്ദാനവുമായി ലോകരാഷ്ട്രങ്ങള്‍

Sep 9, 2023


image

1 min

ഡയാനയുടെ മരണത്തില്‍ നിയമപോരാട്ടം, ശതകോടീശ്വരന്‍; ദോദിയുടെ പിതാവ് അല്‍ ഫായേദ് അന്തരിച്ചു

Sep 2, 2023


Most Commented