ക്യുബെക് സിറ്റി: കാനഡയിലെ ക്യൂബെക് നഗരത്തിലുള്ള മോസ്‌ക്കിനുനേരെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നാണ് സൂചന.

വെടിവെപ്പ് നടന്ന സമയത്ത് 40 ഓളം പേര്‍ ക്യുബെക് സിറ്റി ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ക്യുബിക് നഗരത്തിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് മോസ്‌ക്കിനുചുറ്റം പോലീസ് സുരക്ഷാവലയം തീര്‍ത്തിട്ടുണ്ട്.

സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയിലായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപ പ്രവിശ്യയായ ഒന്റാരിയോയിലെ മോസ്‌ക് 2015 ല്‍ അക്രമികള്‍ അഗ്നിക്ക് ഇരയാക്കിയിരുന്നു.