ഹൂസ്റ്റണ്‍: അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരായായിട്ടുണ്ടെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ഡോക്ടറുടെ സത്യവാങ്മൂലമുള്ളത്.
ഒക്ടോബറിലാണ് ഇന്ത്യന്‍ ദമ്പതികളുടെ വളര്‍ത്തുമകളായ ഷെറിനെ വീട്ടില്‍ നിന്ന് കാണാതായതും ദിവസങ്ങള്‍ക്ക് ശേഷം സമീപത്തുള്ള ഭൂഗര്‍ഭചാലില്‍ മൃതദേഹം കണ്ടെത്തിയതും. തുടര്‍ന്ന് മാതാപിതാക്കളായ വെസ്ലി മാത്യൂസും സിനി മാത്യൂസും അറസ്റ്റിലാവുകയും ചെയ്തു. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ഡോക്ടറുടെ ഭാഗത്ത് നിന്ന് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഷെറിനെ പരിശോധിച്ച ഡോക്ടറാണ് കുട്ടി കഠിനമായ ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് സംശയം തോന്നിയതായി കോടതിയെ അറിയിച്ചിരിക്കുന്നത്. അന്നെടുത്ത എക്‌സ്‌റേ റിപ്പോര്‍ട്ടില്‍ കുട്ടിയുടെ എല്ലുകള്‍ മുമ്പ് പൊട്ടിയതിന്റെ സൂചനകളുണ്ടായിരുന്നു.
തോളെല്ലുകള്‍ പൊട്ടിയത് പൂര്‍വ്വസ്ഥിതിയിലായിരുന്നില്ല. 2016 സെപ്തംബറിലെ എക്‌സ്‌റേ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് ഷെറിന്റെ തുടയെല്ലിന് പൊട്ടലുകള്‍ സംഭവിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് കുട്ടിയോട് ചോദിച്ചിരുന്നെങ്കിലും അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. തുടര്‍ന്ന് താന്‍ ആശുപത്രി റിപ്പോര്‍ട്ടില്‍ ഇക്കാര്യം എഴുതിച്ചേര്‍ത്തിരുന്നെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കുട്ടിക്കേറ്റ പരുക്കുകള്‍ വിവിധ സമയങ്ങളിലായി ഉണ്ടായതാണെന്നാണ് ഡോക്ടറുടെ നിഗമനം. ഇവ കുട്ടിയെ ഇന്ത്യയില്‍ നിന്ന് ദത്തെടുത്തതിന് ശേഷം സംഭവിച്ചതാണെന്നും ഡോക്ടര്‍ പറയുന്നു.
content highlights: Sherin Mathews, america, wesley mathews, sini mathews, x ray report, child abuse