ന്യൂയോർക്ക്: കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം നേരത്തെയുണ്ടാകുമെന്ന് പഠനം. അമേരിക്കയില്‍ നിന്നുള്ള അഡോളസെന്റ് ഹെല്‍ത്ത് എന്ന ആനുകാലികം 200ഓളം പെണ്‍കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ലൈംഗിക ചൂഷണത്തിന് വിധേയരായ പെണ്‍കുട്ടികള്‍ മറ്റ് കുട്ടികളേക്കാള്‍ 8 മുതല്‍ 12 മാസം വരെ നേരത്തെ പ്രായപൂര്‍ത്തിയാകാനാണ് സാധ്യത എന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 
ലൈംഗിക ചൂഷണങ്ങള്‍ കുട്ടികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും.  ഇത് സ്ട്രെസ്സ് ഹോര്‍മോണുകളുടെ ഉത്പാദനത്തിന് ആക്കം കൂട്ടുകയും നേരത്തെയുള്ള ആര്‍ത്തവത്തിന് ഇടവരുത്തുകയും ചെയ്യുന്നുവെന്നാണ് പഠനം.

ഒരു വര്‍ഷത്തെ ഈ വ്യത്യാസം കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്.ഇത്തരത്തില്‍ മാനസിക വളര്‍ച്ചയെത്തും മുമ്പുള്ള ശാരീരിക വളര്‍ച്ച പൊരുത്തക്കേടുകളുണ്ടാക്കുന്നു. അത് മാനസിക ആരോഗ്യത്തെയും സ്വഭാവ രൂപവത്കരണത്തെയും ബാധിക്കുകയും ചെയ്യും. 

ലൈംഗിക ചൂഷണത്തിന് ഇരയായ 84 കുട്ടികളെയും ഇരയാവാത്ത 84കുട്ടികളെയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഇത്തരത്തിലെ നേരത്തെ പ്രായം തികയ്ക്കുന്നത് പെൺകുട്ടികളിൽ  ഇസ്ട്രജന്ന്ൻ ഉത്പാദനത്തിന്റെ കാലയളവ് കൂട്ടും. ഇത് അണ്ഡാശയ കാന്‍സറിനും ബ്രെസ്റ്റ് കാന്‍സറിനും ഇടവരുത്തുന്നുവെന്നും പഠനം പറയുന്നു.