ന്യൂയോര്‍ക്ക്: മാക്‌സ് വിമാനങ്ങള്‍ക്ക് വൈദ്യുതത്തകരാർ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ടെന്ന് നിര്‍മാണക്കമ്പനിയായ ബോയിങ്ങിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രമുഖ വിമാനക്കമ്പനികള്‍ 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് താത്ക്കാലികമായി പിന്‍വലിച്ചു. പതിനാറോളം കമ്പനികളാണ് മാക്‌സ് വിമാനങ്ങള്‍ പിന്‍വലിച്ചത്. അപകടങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ അടിയന്തരമായി വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിക്കാനാണ് ബോയിങ്ങിന്റെ നിര്‍ദേശം. 

ഏതെല്ലാം വിമാനക്കമ്പനികള്‍ക്ക് നല്‍കിയ മാക്‌സ് വിമാനങ്ങള്‍ക്കാണ് തകരാറെന്നോ എത്ര വിമാനങ്ങള്‍ക്ക് തകരാറുണ്ടെന്നോ ബോയിങ് വ്യക്തമാക്കിയിട്ടില്ല. തകരാർ സംബന്ധിച്ച് കമ്പനി വ്യാഴാഴ്ച രാത്രി വിവരം ധരിപ്പിച്ചതായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍(എഫ്എഎ)വക്താവ് പറഞ്ഞു. ബോയിങ്ങുമായും വിമാനക്കമ്പനികളുമായും ബന്ധപ്പെട്ടു വരികയാണെന്നും വിമാനങ്ങള്‍ റദ്ദാക്കുന്നതിനെ കുറിച്ചും വിമാനങ്ങള്‍ വൈകുന്നതിനെ കുറിച്ചുമുള്ള വിവരങ്ങളറിയുന്നതിനായി യാത്രികര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും എഫ്എഎ കൂട്ടിച്ചേര്‍ത്തു.. 

തങ്ങളുടെ സര്‍വീസില്‍ നിന്ന് മാക്‌സ് വിമാനങ്ങളുടെ ഒരു ശ്രേണി പിന്‍വലിച്ചതായി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് അറിയിച്ചു. മാക്‌സ് വിമാനങ്ങള്‍ക്കായി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് കഴിഞ്ഞമാസം ഭീമമായ ഓഡര്‍ നല്‍കിയിരുന്നു. തങ്ങളുടെ പക്കലുള്ള മാക്‌സ് വിമാനങ്ങള്‍ക്ക് നിലവില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നില്ലെങ്കിലും കമ്പനി ഉയോഗിക്കുന്ന 58 മാക്‌സ് വിമാനങ്ങളില്‍ 30 എണ്ണം ബോയിങ്ങിന്റെ നോട്ടീസ് പരിധിയില്‍ ഉള്‍പ്പെടുന്നതിനാലാണ് പിന്‍വലിക്കുന്നതെന്ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വ്യക്തമാക്കി. തങ്ങളുടെ സര്‍വീസിലുള്ള പതിനാറ് 737 മാക്‌സ് വിമാനങ്ങള്‍ പിന്‍വലിച്ചതായി യുണൈറ്റഡ് എയര്‍ലൈന്‍സും 17 വിമാനങ്ങള്‍ താത്ക്കാലികമായി ഒഴിവാക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സും അറിയിച്ചു. 

വിമാനങ്ങള്‍ താത്ക്കാലികമായി പിന്‍വലിക്കാനുള്ള നിര്‍ദേശം കമ്പനിയുടെ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടാക്കിയിരിക്കുകയാണ്. 346 ജീവനുകള്‍ അപഹരിച്ച 2018 ലേയും 2019 ലേയും രണ്ട് അപകടങ്ങളെ തുടര്‍ന്ന് ബോയിങ് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്ന് പിന്‍വലിച്ച് എഫ്എഎ ഉത്തരവിറക്കിയിരുന്നു. ബോയിങ്ങിന്റെ ബെസ്റ്റ് സെല്ലിങ് എയര്‍ക്രാഫ്റ്റായിരുന്നു അതു വരെ 737 മാക്‌സ് വിമാനങ്ങള്‍. 2020 നവംബറില്‍ എഫ്എഎ മാക്‌സ് വിമാനങ്ങള്‍ക്കേര്‍പ്പെത്തിയ നിയന്ത്രണം പിന്‍വലിച്ചു. പിന്നീട് കോവിഡ് മൂലം ആഗോളതലത്തില്‍ വ്യോമഗതാഗതം നിര്‍ത്തി വെച്ചതോടെ നല്‍കിയ ഓഡറുകള്‍ വിമാനക്കമ്പനികള്‍ ഉപേക്ഷിച്ചതും ബോയിങ്ങിന് വന്‍ തിരിച്ചടിയായി. 

 

Content Highlights: Several Boeing 737 MAX Jets Grounded After Potential Electrical Issue