മുഹമ്മദ് സഫ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിലാണ് തുര്‍ക്കിയും സിറിയയും. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.17-നാണ് ഇരുരാജ്യങ്ങളേയും ഞെട്ടിച്ച് റിക്ടര്‍ സ്‌കെയ്‌ലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ തുടര്‍പ്രകമ്പനങ്ങളും ഉണ്ടായി. ഉറക്കത്തിലായതിനാല്‍ താമസ സ്ഥലങ്ങളില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലർക്കും ലഭിച്ചില്ല.
തകര്‍ന്ന കെട്ടിടങ്ങളുടേയും റോഡുകളുടേയും അരികില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും കാണുന്നത്. എല്ലാവരുടേയും മനസില്‍ വേദനയും വിങ്ങലുമുണ്ടാക്കുന്നതാണ് ഈ ദൃശ്യങ്ങളെല്ലാം. എന്നാല്‍ അതിനിടയില്‍ പ്രതീക്ഷയുടെ പുഞ്ചിരിയുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്.
യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സഹോദരനും സഹോദരിയുമാണ് ചിത്രത്തിലുള്ളത്. സഹോദരന്റെ തലയില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കൈ കൊണ്ട് കവചമുണ്ടാക്കിയിരിക്കുകയാണ് ഈ ഏഴു വയസ്സുകാരി. 17 മണിക്കൂറുകളോളം അവള്‍ അങ്ങനെ കൈവെച്ച് ആ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവരെ അവള്‍ പുഞ്ചിരിയോടെ സ്വീകരിച്ചുവെന്നും മുഹമ്മദ് സഫ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഈ ട്വീറ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. അവള്‍ വളരേയധികം ധൈര്യമുള്ള പെണ്‍കുട്ടിയാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ദുരന്തത്തെ മനക്കരുത്തോടെ നേരിടണമെന്ന് അവള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ടെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. അദ്ഭുതങ്ങള്‍ സംഭവിക്കാം എന്നതിനുള്ള ഉദാഹരണമാണ് ഈ ചിത്രമെന്നും ആളുകള്‍ പറയുന്നു.
എന്നാല്‍ ഈ ചിത്രം തുര്‍ക്കിയില്‍ നിന്നാണോ സിറിയയില്‍ നിന്നാണോ എടുത്തതെന്ന് വ്യക്തമല്ല. ഇതിന്റെ ആധികാരികത സംബന്ധിച്ചും സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതുവരെ ഇരുരാജ്യങ്ങളിലുമായി 5103 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആയിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlights: seven year old girl protects little brother under rubble syria turkey earthquake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..