ഫ്രാൻസിൽ 1986-നും 1994-നും ഇടയിൽ നടന്ന വിവിധങ്ങളായ കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ പ്രവർത്തിച്ച ആളെ മുപ്പതോളം വർഷത്തിനു ശേഷം പോലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്തവർക്കു നേരെയുള്ള ലൈംഗിക ആക്രമണങ്ങള്‍, കൊലപാതകം, വധശ്രമം, സായുധ കവർച്ച, പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ തെളിയിക്കപ്പെടാതെ കിടന്ന നിരവധി കുറ്റകൃത്യങ്ങളെല്ലാം ചെയ്തത് ഒരാളാണെന്ന ഞെട്ടിക്കുന്ന തിരിച്ചറിവായിരുന്നു ഇതോടെ ഫ്രാന്‍സിലെ പോലീസിനുണ്ടായത്. ഒരു മുൻ പോലീസുകാരനെ മരിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ദുരൂഹ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. 

തെളിയാതെ കിടന്ന തുടർ കൊലപാതകങ്ങള്‍ അടക്കം നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തത് ആരാണെന്ന് കണ്ടെത്താനാവാതെ പതിറ്റാണ്ടുകളായി പോലീസിനെ വലച്ച കുറ്റവാളിയെയാണ് പെട്ടെന്നൊരു ദിവസം പോലീസ് തിരിച്ചറിഞ്ഞത്. കുപ്രസിദ്ധനായ ഈ കൊലപാതകിക്ക് പോലീസ് നൽകിയിരുന്ന പേര് 'ലെ ഗ്രെലെ' എന്നാണ്. മുഖത്ത് നിറയെ പാടുകളുള്ളയാൾ എന്നാണ് ഇതിനർത്ഥം. സെസിലി ബ്ലോച്ച് എന്ന പെൺകുട്ടിയുടെ കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊലയാളിയെ ഇരയുടെ സഹോദരൻ കാണുകയും അയാളുടെ മുഖം നിറയെ പാടുകളുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് 'ലെ ഗ്രെലെ'  എന്ന പേര് പോലിസ് രേഖകളിൽ വരുന്നത്. എന്നാലും നാളിതുവരെ കൊലയാളിയിലേക്ക് നയിക്കുന്ന യാതെരു സൂചനയും ലഭിക്കാതിരുന്നതിനാൽ പോലീസ് അന്വേഷണം വഴിമുട്ടുകയായിരുന്നു. എന്നാൽ 35 വർഷങ്ങൾക്ക് ശേഷം ഫ്രാൻസ് തേടിയ ആ സീരിയൽ കില്ലെർ ആരെന്നുള്ള ചോദ്യത്തിനുത്തരം ലഭിച്ചിരിക്കുകയാണ്.

അടുത്തിടെ മുൻ പോലീസുദ്യോഗസ്ഥനായ ഫ്രാങ്കോയിസ് വെറോവിനെ (59) തെക്കൻ ഫ്രാൻസിലെ വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതോടെ പഴയ കേസുകള്‍ക്കെല്ലാം ഒറ്റയടിക്ക് തുമ്പുണ്ടാകുകയായിരുന്നു.  കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ സമൻസ് ലഭിച്ചതിന് പിന്നാലെയാണ് ഇയാൾ അത്മഹത്യ ചെയ്തത്. തുടർന്ന് മൃതദേഹത്തിൽ നിന്നെടുത്ത ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥർ ഞെട്ടി. മുന്‍ പോലീസ് ഉദ്യോഗസ്ഥനായ വെറോവ് തന്നെയാണ് കുപ്രസിദ്ധനായ ആ കൊലയാളി!

മൃതദേഹത്തിനോടൊപ്പം ലഭിച്ച ആത്മഹത്യകുറിപ്പിൽ തന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച് വെറോവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ വിവാഹവും മക്കളുടെ ജനനവും മുതൽ താൻ സമനില വീണ്ടെടുത്തെന്നും മുൻകാലത്തുണ്ടായ പ്രേരണകൾ പീന്നീട് തന്നെ പിന്തുടർന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ വെറോവ് സമ്മതിച്ചു. 1997 മുതൽ താൻ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്ന് അയാൾ കുറിപ്പിൽ പറയുന്നു.

1980കളിലും 90 കളിലും അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗിക അതിക്രമം, കൊലപാതകം, വധശ്രമം, സായുധ കവർച്ച, പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടുന്നതായി പാരീസ് പ്രോസിക്യൂട്ടർ ലോറെ ബെക്കോ വ്യാഴാഴ്ച മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

'അന്വേഷണ മജിസ്ട്രേറ്റ് ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടതോടെ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച ജനിതക പ്രൊഫൈലുകളും മരിച്ച വ്യക്തിയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് തെളിഞ്ഞു', അവർ കൂട്ടിച്ചേർത്തു.

കൊലപാതകങ്ങൾ

നിരവധി ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ വെറോവ് തന്റെ രേഖാമൂലമുള്ള കുറ്റസമ്മതം ആത്മഹത്യ കുറിപ്പിലാണ് രേഖപ്പെടുത്തിയത്. പതിനഞ്ചോളം പേർ വെറോവിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്.     

ഫ്രാൻസിലെ ഏറ്റവും കുപ്രസിദ്ധമായ കേസുകളിലൊന്നാണ് സിസൈൽ കൊലക്കേസ്. പാരീസിലെ ഒരു പാർപ്പിട സമുച്ചയത്തിൽ താമസിച്ചിരുന്ന സിസൈൽ എന്ന 11 വയസ്സുകാരിയെ  കെട്ടിടത്തിന്റെ ബേസ്‌മെന്റിലെത്തിച്ച് ലൈംഗികമായി അതിക്രമിച്ച് കൊലപ്പെടുത്തിയതാണ് വെറോവ് ചെയ്ത ക്രൂരകൃത്യങ്ങളിലൊന്ന്. 

സ്‌കൂളിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയ സിസൈൽ കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് പുറത്തുവന്നപ്പോൾ വെറോവ് കുട്ടിയെ ബേസ്‌മെന്റിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയതായാണ് പോലീസ് കരുതുന്നത്.

1987 ൽ തലസ്ഥാന നഗരിയിലെ മധ്യ മറായിസ് ജില്ലയിൽ ദമ്പതികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഫ്രാങ്കോയിസ് വെറോവാണെന്ന് പോലീസ് കരുതുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പോലീസിന് തോന്നിയ സംശയമാണ് നിർണായകമായത്. കുറ്റകൃത്യങ്ങൾ നടക്കുന്ന സമയത്ത്, ആഭ്യന്തര സുരക്ഷാ ചുമതലയുള്ള പോലീസ് സായുധ സേനയായ ജെൻഡർമെറിയുടെ ഭാഗമാകാം കുറ്റവാളിയെന്ന സംശയം പോലീസിന് ഉടലെടുക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ അത് ഉറച്ചുവിശ്വസിക്കുകയും ചെയ്തതോടെ വർഷങ്ങളായി ഇവർ ഉദ്യോഗസ്ഥരുടെ ഡിഎൻഎ പ്രൊഫൈൽ ശേഖരിച്ചുവരികയായിരുന്നു.

കഴിഞ്ഞ കുറച്ചുമാസങ്ങളായി, കുറ്റകൃത്യങ്ങൾ നടക്കുന്ന കാലയളവിൽ പാരീസ് മേഖലയിൽ വിന്യസിച്ചിരുന്ന 750 ജെൻഡർമെറി അംഗങ്ങളെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്യാൻ തുടങ്ങിയിരുന്നു. 59-കാരനായ ഫ്രാങ്കോയിസ് വെറോവും അവരിൽ ഒരാളായിരുന്നു. സെപ്റ്റംബർ 29 ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് 24 ന് അയാൾക്ക് സമൻസ് അയച്ചു.

എന്നാൽ സെപ്റ്റംബർ 27 ന് വെറോവിനെ കാണാതായതായി ഭാര്യ റിപ്പോർട്ട് ചെയ്യുകയും രണ്ട് ദിവസങ്ങൾക്ക് ശേഷം മെഡിറ്ററേനിയൻ തീരത്തെ കടൽത്തീര റിസോർട്ടായ ഗ്രൗ-ഡു-റോയിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. വെറോവ് ഒരു മുൻ ജെൻഡർമെറി ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥനായും പ്രവർത്തിച്ച് വിരമിക്കുകയായിരുന്നു.

വെറോവ് പറയാതെ ബാക്കി വെച്ചത്

1986-ൽ, പോലീസ് ഒരു രേഖാചിത്രം പ്രസിദ്ധീകരിച്ചിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ, ഏകദേശം 25 വയസ്സ് പ്രായം, ആറടി ഉയരം, ഇളം തവിട്ട് നിറമുള്ള മുടി, മുഖത്ത് മുഖക്കുരു വന്നതിന് ശേഷം പ്രത്യക്ഷപ്പെട്ട പാടുകൾ എന്നിവയായിരുന്നു അടയാളമായി പോലീസ് പ്രസിദ്ധീകരിച്ചത്.

1994-ൽ മയോക്‌സ് നഗരത്തിൽ 19-കാരിയായ കരിൻ ലെറോയുടെ കൊലപാതകത്തിന് പിന്നിലും വെറോവ് തന്നെയാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

കുറ്റവാളി തന്റെ രഹസ്യങ്ങൾ തന്നോടൊപ്പം കൊണ്ടുപോയി എന്നറിഞ്ഞതിൽ വേദനയുണ്ടെന്ന് വെറോവ് കൊലപ്പെടുത്തിയ സിസൈലിന്റെ കുടുംബ വക്കീൽ വാർത്താ ഏജൻസിയായ AFP യോട് പറഞ്ഞു. കണ്ടെത്താത്ത നിരവധി കേസുകൾക്ക് വെറോവിലൂടെ ചിലപ്പോൾ ഉത്തരം കിട്ടുമായിരുന്നെന്നാണ് പോലീസ് കരുതുന്നത്. നിർഭാഗ്യവശാൽ ഇനി അത് സാധ്യമല്ലെന്നും പോലീസ് പറയുന്നു.

Content Highlights: French serial killer found to be a former police officer