വിക്ടർ എസ്‌കോബാർ |ഫോട്ടോ:AFP
കാലി: തീയതിയും സമയവും സ്വയം കുറിച്ചുനല്‍കി. നിയമപോരാട്ടത്തിനൊടുവില്‍ അങ്ങനെ തിരഞ്ഞെടുത്ത ദയാവധം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ നടപ്പായി. അന്ത്യനിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ എത്തിയവര്‍ അത് ക്യാമറയില്‍ പകര്‍ത്തി. വൈകാതെ എല്ലാവരേയും കാണാം എന്ന് പറഞ്ഞ് അയാള്‍ ഗുഡ്‌ബൈ പറഞ്ഞു. മാരക രോഗം ബാധിക്കാത്തവര്‍ക്കുമായി ദയാവധം ലഘൂകരിച്ച ശേഷം കൊളംബിയയില്‍ പരസ്യമായി മരണം നടപ്പാക്കിയത് വിക്ടര്‍ എസ്‌കോബാറിന്റേതായിരുന്നു.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ തന്റെ നിയമ പോരാട്ട വിജയത്തെ ആഘോഷിച്ചു. ദയാ വധത്തിന് കീഴടങ്ങാന്‍ സാധിക്കുന്നത് തന്റെ രണ്ടുവര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണെന്നായിരുന്നു വിക്ടര്‍ എസ്‌കോബാറിന്റെ വാദം.
'ക്രമേണ, ഇത് എല്ലാവരുടെയും ഊഴമായി മാറുന്നു. അതിനാല്‍ ഞാന്‍ വിട പറയുന്നില്ല, പകരം ഉടന്‍ കാണാം. ക്രമേണ നമ്മളെല്ലാം ദൈവത്തിനൊപ്പം ചേരും' കത്തോലിക്കാ വിശ്വാസിയായ എസ്‌കോബാര്‍ മാധ്യമങ്ങള്‍ക്ക് അയച്ച വീഡിയോയില്‍ പറഞ്ഞു.
തൊട്ടുപിന്നാലെ എസ്‌കോബാറിന്റെ മരണം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഡോക്ടര്‍മാരും ഒപ്പമുണ്ടായിരുന്നതായി അഭിഭാഷകന്‍ വ്യക്തമാക്കി.
എസ്‌കോബാര്‍ പുഞ്ചിരിച്ച് കുടുംബത്തോടൊപ്പം നില്‍ക്കുന്നതായിരുന്നു അദ്ദേഹം ജീവിച്ചിരുന്ന അവസാന നിമിഷത്തിന്റെ വീഡിയോ ദൃശ്യത്തില്‍ കണ്ടിരുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ മയക്കിയ ശേഷം മരുന്ന് കുത്തിവെച്ച് മരണം ഉറപ്പാക്കി.
1997-ലാണ് കൊളംബിയ ദയാവധത്തിന് അനുമതി നല്‍കിയത്. 2021 ജൂലായില്‍ ഹൈക്കോടതി ദയാവധം സ്വീകരിക്കാനുള്ള അനുമതിമാരകമായ രോഗം ബാധിക്കാത്തവര്‍ക്കുമായി വിപുലീകരിച്ചു.
ഇത്തരമൊരു ചുവടുവെപ്പ് നടത്തുന്ന ലാറ്റിനമേരിക്കയിലെ ആദ്യ രാജ്യമാണ് കൊളംബിയ. റോമന്‍ കത്തോലിക്ക വിശ്വാസികളാണ് കൊളംബിയയില്‍ ഭൂരിപക്ഷവും. ദയാവധത്തെ നിശിതമായി സഭ എതിര്‍ക്കുന്നുണ്ട്.
'എനിക്ക് ഇതിനകം അസുഖമുള്ളതായി തോന്നി. എന്റെ ശ്വാസകോശം എന്നെ അനുസരിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലായി' ഒക്ടോബറില്‍ തന്റെ നിയമപോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ എസ്‌കോബാര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറയുകയുണ്ടായി.
എസ്‌കോബാറിന്റെ രോഗം
പ്രമേഹവും ഹൃദയസംബന്ധമായ അസുഖവും എസ്‌കോബാറിനെ വീല്‍ ചെയറിലാക്കിയിരുന്നു, ശരീരത്തെ ഞെരുക്കുന്ന രോഗാവസ്ഥയാല്‍ അദ്ദേഹം കഷ്ടപ്പെട്ടു. ദയാവധം എന്ന ആശയത്തെ കുടുംബവും പിന്താങ്ങി.
യൂറോപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ദയാവധം നിയമവിധേയമായിട്ടുള്ളത്. 2021 വരെ എസ്‌കോബാറിനെ പോലുള്ള രോഗികള്‍ക്ക് കൊളംബയിയില്‍ ദയാവധത്തിന് വിധേയരാകുക എളുപ്പമല്ലായിരുന്നു. മാരക രോഗങ്ങള്‍ തെളിയിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഇതിനാകുമായിരുന്നുള്ളൂ. എന്നാല്‍ മാരക രോഗത്തില്‍ ഉള്‍പ്പെടാത്ത വിട്ടുമാറാത്ത രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് പഴയ നിയമം ദുഷ്‌കരമായിരുന്നുവെന്ന് ഇതിനായി വാദിക്കുന്ന സംഘടനകള്‍ പറയുന്നു.

മാരക രോഗമല്ലാതെ മറ്റ് രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ദയാവധത്തിന് വിധേയരാകാന്‍ അനുമതി ലഭിച്ച ശേഷം ഇതിനോടകം മൂന്ന് ആളുകള്‍ ഇത്തരത്തില്‍ മരണത്തിന് വിധേയരായെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ദി റൈറ്റ് ടു ഡിഗ്നിഫൈഡ് ഡെത്ത് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പൊതുജനങ്ങളെ സാക്ഷിയാക്കി ക്യാമറക്ക് മുന്നില്‍ മരണം വരിച്ചത് എസ്‌കോബാര്‍ മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
'എന്റെ കഥ അറിയപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അത് എന്നെപ്പോലുള്ള ജീര്‍ണാവസ്ഥയിലുള്ള രോഗികള്‍ക്ക്, വിശ്രമം തേടാനുള്ള ഒരു തുറന്ന വാതില്‍ ഇത് സൃഷ്ടിക്കുന്നു' എസ്‌കോബാര്‍ പറഞ്ഞു.
മരിക്കാനുള്ള അനുതി
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇംബനാക്കോ ക്ലിനിക്കിലെ ഒരു പാനല്‍ ദയാവധത്തിനുള്ള എസ്‌കോബാറിന്റെ അപേക്ഷ നിരസിച്ചു, രണ്ട് വര്‍ഷം മുമ്പത്തെ അപേക്ഷകളും നിരസിക്കപ്പെട്ടു. എസ്‌കോബാര്‍ മാരക രോഗമുള്ളയാളല്ലെന്നും അദ്ദേഹത്തിന്റെ അസുഖവും കഷ്ടപാടുകളും ലഘൂകരിക്കാന്‍ സാധ്യതകള്‍ ഉണ്ടെന്നും അറിയിച്ചുകൊണ്ടാണ് പാനല്‍ അപേക്ഷ നിരസിച്ചത്.
എസ്‌കോബാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയും അനുകൂല വിധി ലഭിക്കുകയും ചെയ്തു. ജനുവരി ഏഴിന് വെള്ളിയാഴ്ച മരിക്കാനുള്ള തീയതിയായി അദ്ദേഹം തിരഞ്ഞെടുക്കകയും ചെയ്തു. വാരാന്ത്യത്തില്‍ ബന്ധുക്കള്‍ക്ക് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സൗകര്യമുണ്ടാക്കുന്നതിനാണ് വെള്ളിയാഴ്ച മരണം തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
2021 ജൂലൈയിലെ നിയമപരമായ മാറ്റത്തിന് ശേഷം കുറഞ്ഞത് 157 പേരെങ്കിലും ദയാവധത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..