ടിമിന്നലിനെ പ്രതിരോധിക്കാന്‍ ലേസര്‍ വികിരണങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങി ഗവേഷകര്‍. ജനീവ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നിരന്തര ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം ലേസര്‍ ഉപയോഗപ്പെടുത്തുന്ന ഭീമന്‍ ദണ്ഡ് ആല്‍പ്‌സ് പര്‍വതനിരകളിലെ  ഉയരമേറിയ സാന്റിസ് കൊടുമുടിയില്‍ സ്ഥാപിച്ചു. ഇരുപത് വര്‍ഷത്തിലേറെയായി ലേസര്‍ ഗവേഷണങ്ങള്‍ നടത്തി വരുന്ന ഷോണ്‍ പിയേര്‍ വൂള്‍ഫ് എന്ന ഭൗതിക ശാസ്ത്രജ്ഞനാണ് ഈ പുതിയ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. കാലാവസ്ഥാ നിയന്ത്രണത്തില്‍ ലേസര്‍ വികിരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വിദഗ്ധനാണ് വൂള്‍ഫ്. 

വളരെ നേര്‍ത്തതും അത്യധികം ഊര്‍ജ്ജശേഷിയുള്ളതുമായ പ്രകാശരശ്മികളാണ് ലേസര്‍. ലോകത്തിലെ ഏറ്റവും ദൃഢവസ്തുവായ വജ്രത്തെ മുറിക്കുന്നതിനും ശസ്ത്രക്രിയകളിലും ബാര്‍ കോഡുകള്‍ വായിക്കുന്നതിലും ലേസര്‍ ഉപയോഗപ്പെടുത്തുന്നു. മിന്നല്‍ രക്ഷാമാര്‍ഗമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലേസറിന്റെ വ്യത്യസ്തമായ ഉപയോഗങ്ങളുടെ കൂട്ടത്തില്‍ ഒന്ന് കൂടി എഴുതിച്ചേര്‍ക്കുകയാണ് വൂള്‍ഫ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഒരു കൊല്ലത്തോളം വൈകിയെങ്കിലും 8,200 അടി ഉയരമുള്ള കൊടുമുടിയില്‍ ഭീമന്‍ ദണ്ഡിനെ ഗവേഷകസംഘം എത്തിച്ചു. 

യൂറോപ്പില്‍ രൂക്ഷമായി മിന്നല്‍ പതിക്കുന്ന മേഖലയാണ് ഇത്. പ്രതിവര്‍ഷം 100 മുതല്‍ 400 തവണ വരെ മിന്നലിനെ തുടര്‍ന്ന് ആല്‍പ്‌സില്‍ സ്ഥിതി ചെയ്യുന്ന റേഡിയോ ട്രാന്‍സ്മിഷന്‍ ടവറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാറുണ്ട്. മിന്നലിനെ പ്രതിരോധിക്കാന്‍ ലേസര്‍ ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തല്‍ ഫലപ്രദമായി പരീക്ഷിക്കാനും നിരീക്ഷിക്കാനും ഏറ്റവും അനുയോജ്യമായ മേഖലയാണിത്-വൂള്‍ഫ് വ്യക്തമാക്കി. റോക്കറ്റ് നിര്‍മാണത്തിലും ലേസര്‍ നിര്‍മാണത്തിലും വൂള്‍ഫിനുള്ള വൈദഗ്ധ്യം നിരവധി കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 

'കൃത്രിമ' മിന്നല്‍ പ്രയോഗത്തിലൂടെയുള്ള മിന്നല്‍ നിയന്ത്രണം 

മിന്നലിനെ ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. മിന്നലില്‍ അതിശക്തമായ വൈദ്യുതപ്രവാഹമാണ് സൃഷ്ടിക്കപ്പെടുന്നത്. ചലനശേഷിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണ് ഈ വൈദ്യുതപ്രവാഹത്തിന് കാരണം. മഴ ഉണ്ടാകുന്ന സമയത്ത് ജലകണികകളുടെ ആറ്റങ്ങളില്‍നിന്ന് പ്രവഹിക്കുന്ന ഇലക്ട്രോണുകള്‍ വ്യത്യസ്തവും വിപരീതവുമായ ഊര്‍ജ്ജമേഖലകള്‍ സൃഷ്ടിക്കും. വിപരീത ചാര്‍ജ്ജുകള്‍ പരസ്പരം ആകര്‍ഷിക്കുന്നത് ഇലക്ടോണുകളുടെ പ്രവാഹതീവ്രത വര്‍ധിപ്പിക്കുകയും വൈദ്യുതോര്‍ജ്ജത്തിന് കാരണമാവുകയും ചെയ്യും.  

പ്രകൃത്യാലുണ്ടാകുന്ന മിന്നല്‍ ഉത്പാദനത്തെ അനുകരിക്കുകയാണ് ആല്‍പ്‌സിലെ ലേസര്‍ ചെയ്യുന്നത്. കൃത്രിമമായി ഒരു വൈദ്യുതോര്‍ജ്ജതലം സൃഷ്ടിക്കുന്നതിലൂടെ മഴമേഘങ്ങളില്‍നിന്നുള്ള ഇലക്ട്രോണ്‍ പ്രവാഹത്തെ നിയന്ത്രിക്കാന്‍  കഴിയും. ഇതിലൂടെ മിന്നല്‍ പ്രവാഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്നതിനാലാണ് ഉപകരണത്തെ ലേസര്‍ ലൈറ്റനിങ് റോഡ്(laser lightning rode) എന്ന് വിളിക്കുന്നതെന്ന് വൂള്‍ഫ് പറഞ്ഞു. റേഡിയോ ട്രാന്‍സ്മിഷന്‍ ടവറിന്റെ സമീപത്ത് കൂടിയാണ് ലേസര്‍ രശ്മികള്‍ കടന്നുപോകുന്നത്. ഇത് 120 മീറ്റര്‍(400 അടി) ഉയരത്തിലേക്ക് പ്രവഹിക്കും.

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന മിന്നല്‍ രക്ഷാചാലകങ്ങള്‍ക്ക് നിശ്ചിതവും ചുരുങ്ങിയതുമായ ഇടത്തില്‍ മാത്രമേ സുരക്ഷയൊരുക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, പുതിയ സംവിധാനത്തിന് കൂടുതല്‍ വിസ്തൃതമായ സുരക്ഷ ഉറപ്പു നല്‍കാനാവുമെന്ന് വൂള്‍ഫ് പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മിന്നലിനെതിരെ ഒരു പ്രത്യാക്രമണമാണ് ലേസര്‍ ചെയ്യുന്നത്.

giant laser
Photo : CNN

ഭീമന്‍ ലേസറിന്റെ പ്രത്യേകതകള്‍

ആന്റിനയുടെ സഹായത്തോടെയാണ് ലേസര്‍ ദണ്ഡിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്. കൂട്ടിച്ചേര്‍ക്കാവുന്ന പല ഭാഗങ്ങളായാണ് ഇതിന്റെ നിര്‍മാണം. ഭാഗങ്ങളായി തന്നെയാണ് ദണ്ഡിനെ സാന്റിസില്‍ എത്തിച്ചത്. കേബിള്‍ കാറിന്റേയും ഹെലികോപ്ടറിന്റേയും സഹായത്താലാണ് ഭാഗങ്ങള്‍ കൊടുമുടിയില്‍ എത്തിച്ചത്. ദണ്ഡിനെ നിലത്തുറപ്പിക്കുന്നതിന് ആവശ്യമായ 18 ടണ്‍ കോണ്‍ക്രീറ്റ് കട്ടകളുള്‍പ്പെടെ 29 ടണ്‍ വസ്തുക്കള്‍ ഈ വിധത്തില്‍ എത്തിച്ചു. മലനിരക്കുകളില്‍ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഇത് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു. ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ മാത്രം രണ്ടാഴ്ചയിലധികം സമയമെടുത്തു.  

ലോകത്തിലെ എല്ലാ അണുശക്തി കേന്ദ്രങ്ങളില്‍നിന്നും ഒന്നിച്ച് ഒരു ഞൊടിയിടയില്‍ പുറപ്പെടുന്ന ആണവവികിരണത്തിന് തുല്യമാണ് ര്‍ ദണ്ഡില്‍നിന്ന്‌ ഒരു സെക്കന്‍ഡില്‍ പ്രവഹിക്കുന്ന രശ്മിയുടെ ശക്തി. പക്ഷെ വളറെ കുറച്ചു നേരത്തേക്ക് മാത്രമാണ്  ഇതില്‍നിന്നുള്ള  പ്രവാഹം സംഭവിക്കുന്നത്. ലേസറിന്റെ പ്രവര്‍ത്തനസമയത്ത് അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ വിമാനങ്ങള്‍ക്ക് അനുമതി ഉണ്ടാകില്ല. മിന്നലുണ്ടാകുന്ന സമയങ്ങളില്‍ മാത്രമാണ് ലേസര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കൂടാതെ മിന്നല്‍ പ്രവാഹങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക ക്യാമറയും സാന്റിസില്‍ സജ്ജമാണ്. സെക്കന്‍ഡില്‍ 3,00,000 വരെ ഫോട്ടോകള്‍ ഈ ക്യാമറയ്ക്ക് പകര്‍ത്താന്‍ കഴിയും.

giant laser
Photo : CNN

കൂടാതെ പ്രവഹിക്കുന്ന ഊര്‍ജ്ജത്തിന്റെ തീവ്രതയനുസരിച്ച് ലേസര്‍ കിരണങ്ങള്‍ക്ക് നിറവ്യത്യാസമുണ്ടാകും. ചുവപ്പു മുതല്‍ വെള്ള നിറത്തില്‍ വരെ പ്രവഹിക്കുന്ന രശ്മികള്‍ മനോഹരമായ കാഴ്ചയുളവാക്കുമെന്ന് വൂള്‍ഫ് പറഞ്ഞു. സെപ്റ്റംബര്‍ മാസം വരെ ലേസറിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷിച്ച ശേഷം മാത്രമേ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂ. പ്രവര്‍ത്തനം വിജയകരമായാല്‍ അടുത്തത് വിമാനത്താവളത്തിലായിരിക്കും സ്ഥാപിക്കുകയെന്നും വൂള്‍ഫ് അറിയിച്ചു. ഈ നൂതനസംവിധാനം വിജയിച്ചാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ അപകടങ്ങള്‍ കുറക്കാനാവും. 

ലോകത്തിലെ മിന്നല്‍ അപകടങ്ങള്‍ 

വര്‍ഷം തോറും ലോകത്താകമാനം രണ്ടര ലക്ഷത്തോളം അപകടങ്ങള്‍ മിന്നല്‍ മൂലമുണ്ടാകുന്നതായാണ് കണക്ക്. ജീവഹാനി കൂടാതെ മിന്നല്‍ പ്രഹരത്തെ തുടര്‍ന്നുണ്ടാകുന്ന മറ്റ് അപകടങ്ങളും നിരവധിയാണ്. മിന്നലേറ്റുള്ള മരണസംഖ്യയും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടാകുന്ന സംഭവങ്ങളും ഏറെയുണ്ട്. മഴക്കാലവുമായി ബന്ധപ്പെട്ടുള്ള മിന്നലപകടങ്ങളാണ് ഏറെയും. ഉയരമുള്ള വൃക്ഷങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ചുവട്ടില്‍ നില്‍ക്കുന്നത് മിന്നല്‍പ്രഹരം ഏല്‍ക്കാനിടയാക്കുന്നു. 

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മിന്നല്‍ അപകടങ്ങളില്‍ മരിച്ചത് എഴുപതിലധികം പേരാണ്. രാജസ്ഥാനില്‍ 23 പേരും ഉത്തര്‍പ്രദേശില്‍ 42 പേരും മധ്യപ്രദേശില്‍ 11 പേരും ശനി, ഞായര്‍ ദിവസങ്ങളില്‍ മിന്നല്‍ അപകടങ്ങളില്‍ പെട്ട് മരിച്ചു. ഇന്ത്യയില്‍ മണ്‍സൂണ്‍ കാലത്ത് മിന്നലേറ്റുള്ള മരണം പതിവാണ്. പലപ്പോഴും മഴയില്‍നിന്ന് രക്ഷ തേടി മരങ്ങള്‍ക്ക് കീഴില്‍ അഭയം പ്രാപിക്കുന്നത് മരണത്തിലേക്കാണ് തള്ളി വിടുന്നത്. മിന്നല്‍രക്ഷാ ചാലകങ്ങള്‍ പലയിടത്തും അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നുണ്ടെങ്കിലും മിന്നലിനെതിരെയുള്ള ശാശ്വത പരിഹാരം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. 

Content Highlights: Scientists are trying to control lightning with a giant laser