റിയാദ്: കോവിഡിനെ തുടര്‍ന്നുള്ള 17 മാസത്തെ അടച്ചിടലിന് ശേഷം രണ്ട് ഡോസ് വാക്സിന്‍ എടുത്ത വിദേശ വിനോദസഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുമെന്ന് സൗദി അറേബ്യ. എന്നല്‍ ഉംറ തീര്‍ത്ഥാടനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യത്തില്‍ സൗദി അറേബ്യ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. 

വിദേശ വിനോദ സഞ്ചാരികള്‍ക്കായി രാജ്യത്തിന്റെ വാതില്‍ തുറക്കുമെന്നും ടൂറിസ്റ്റ് വിസയുള്ളവര്‍ക്കുള്ള താല്‍ക്കാലിക പ്രവേശന വിലക്ക് ഓഗസ്റ്റ് 1 മുതല്‍ നീക്കുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അംഗീകരിച്ച വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം.
സൗദി അംഗീകരിച്ച ഫൈസര്‍, ആസ്ട്രാസെനക, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയുടെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കാതെ തന്നെ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വിശദാംശങ്ങള്‍ ആരോഗ്യ സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

Content Highlights: Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure