ന്യൂയോർക്ക്: കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസ് മനുഷ്യരില്‍ സാധാരണയായി കാണുന്ന ജലദോഷത്തിന് കാരണമാകുന്ന കൊറോണ വൈറസുകളോട് സാമ്യമുള്ളതായി തീരുമെന്ന് പഠനം. ഇത് പകര്‍ച്ചവ്യാധിയാവുകയും മിക്ക ആളുകളും കുട്ടിക്കാലത്ത് വൈറസിനെ അഭിമുഖീകരിക്കുകയും ചെയ്യുന്ന അവസ്ഥയെത്തുമ്പോഴാണ് ഇത്തരമൊരു സാധ്യതയുള്ളത്.

സയന്‍സ് ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കോവിഡ് 19-ന് കാരണമായ സാര്‍സ് കോവിലും നടത്തിയ ഗവേഷണത്തിലാണ് ഗവേഷകർ ഇത്തരമൊരു അനുമാനത്തിലെത്തിച്ചേര്‍ന്നത്.

വൈറസുകളുടെ രോഗപ്രതിരോധശേഷി, പകര്‍ച്ചവ്യാധി സാധ്യത എന്നിവയുടെ വിവരങ്ങള്‍ വിശകലനം ചെയ്തതിലൂടെ സാധാരണ ജനങ്ങളില്‍ സാര്‍സ് കോവ് 2 വൈറസ് വ്യാപിക്കുമ്പോള്‍ അതിന്റെ മുന്നോട്ടുപോക്ക്‌ എങ്ങനെയാകുമെന്ന് പ്രവചിക്കാനുള്ള ഒരു മാതൃക വികസിപ്പിക്കാന്‍ ഗവേഷകര്‍ക്കായി.

ജലദോഷത്തിന് കാരണമാകുന്ന നാല് കൊറോണ വൈറസുകള്‍ വളരെക്കാലമായി മനുഷ്യരില്‍ വ്യാപിക്കുന്നുണ്ടെന്നും മിക്കവാറും എല്ലാവരും ചെറുപ്പത്തില്‍ തന്നെ രോഗബാധിതരാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

"കുട്ടിക്കാലത്തെ സ്വാഭാവിക അണുബാധ രോഗപ്രതിരോധ ശേഷി നല്‍കുകയും ഇത് പില്‍ക്കാലത്ത് ആളുകളെ കടുത്ത രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യും. പക്ഷേ, പിന്നീടും രോഗം വരുന്നതിനെ ഇത് തടയുന്നില്ല." പഠനത്തില്‍ പങ്കാളിയായ എമോറി സര്‍വകലാശാലയിലെ ജെന്നി ലാവിന്‍ പറഞ്ഞു.

മൂന്നു മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ കുട്ടിക്കാല രോഗമായി സാര്‍സ് കോവ് 2-വും മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

പ്രായമായവര്‍ക്ക് അപ്പോഴും രോഗം ബാധിക്കാം, പക്ഷേ, കുട്ടിക്കാലത്ത് അവര്‍ക്കുണ്ടായ അണുബാധ കഠിനമായ രോഗങ്ങളില്‍നിന്ന് രോഗപ്രതിരോധ സംരക്ഷണം നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് വാക്‌സിന്‍ ആളുകളിലുണ്ടാക്കുന്ന രോഗപ്രതിരോധ ശേഷിയെയും വൈറസ് എത്ര വേഗത്തില്‍ പടരുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും ഈ മാറ്റം.

വാക്‌സിനുകള്‍ ഹ്രസ്വകാല സംരക്ഷണം നല്‍കുകയും രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുമ്പോള്‍ മറ്റ് സാധാരണ കൊറോണ വൈറസുകളെപ്പോലെ, സാര്‍സ് കോവ് 2-വും പ്രാദേശികമായ പകര്‍ച്ചവ്യാധിയായിത്തീരുമെന്നും പഠനം സൂചിപ്പിക്കുന്നു.

കോവിഡ് 19-ന് കാരണമായ സാര്‍സ് കോവ് 2 അണുബാധ മൂലമുള്ള മരണം മറ്റ് സീസണല്‍ രോഗങ്ങളേക്കാള്‍ താഴെയാകുമെന്നും(.01%) പഠനം പറയുന്നു. 

"കൃത്യമായ ഒരു ഉത്തരത്തിലെത്താന്‍ കഴിഞ്ഞിട്ടിട്ടില്ല.പക്ഷെ, വ്യാപനശേഷിയും മരണനിരക്കും വലിയ തോതിലുള്ള വാക്‌സിനേഷന്‍ പദ്ധതികളുടെ ആവശ്യം കുറക്കുമെന്നാണ് കരുതുന്നത്.'' എപ്പിഡിമിയോളജിസ്റ്റ്‌ ഒട്ടാര്‍ ജോണ്‍സ്റ്റാഡ് പറഞ്ഞു. 

കോവിഡിനെതിരായ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ ആദ്യവര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുമെങ്കിലും സാര്‍സ് കോവ് 2 പ്രാദേശികമായ പകര്‍ച്ചവ്യാധി മാത്രമായി അവശേഷിച്ചാല്‍ തുടര്‍ച്ചയായുള്ള കുത്തിവയപ്പിന്റെ ആവശ്യം വരില്ലെന്നും ഗവേഷകര്‍ പറയുന്നു.

രോഗം എളുപ്പം ആഘാതമുണ്ടാക്കുന്ന ജനവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള കുത്തിവയ്പ്പുകള്‍ അപ്പോഴും ജീവന്‍ രക്ഷിച്ചേക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. മഹാമാരിയില്‍നിന്ന് പകര്‍ച്ചവ്യാധിയായി രോഗം ചുരുങ്ങിയ ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന അണുബാധ മിതമായ തോതിലാണെങ്കില്‍, വ്യാപകമായ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമായി വരില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും, കുട്ടികളില്‍ അണുബാധ കഠിനമാവുകയാണെങ്കില്‍ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകള്‍ വേണ്ടി വരുമെന്നും പഠനം പറയുന്നു.

content highlights: Sars Cov2 Coronavirus may resemble common cold in future