കറാച്ചി: ബേനസീര്‍ ഭൂട്ടോയുടെ മരണത്തിന് ഉത്തരവാദി അവരുടെ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയെന്ന് പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വ്വേസ് മുഷറഫ്. രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രിയായിരുന്ന ഭൂട്ടോയുടെ വധത്തിലൂടെ ഏറ്റവും അധികം നേട്ടം കൊയ്തത് സര്‍ദാരിയായിരുന്നെന്നും മുഷറഫ് ആരോപിച്ചു.

തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സര്‍ദാരിക്കെതിരെ മുഷറഫ് ആഞ്ഞടിച്ചത്.

'ഭൂട്ടോ കുടുംബത്തിലെ മരണങ്ങളില്‍ ആസിഫ് അലി സര്‍ദാരിയാണ് ഉത്തരവാദി. ബേനസീറിന്റെയും മുര്‍ത്തസ ഭൂട്ടോയുടെയും മരണത്തില്‍ സര്‍ദാരി പങ്കാളിയാണ്. 

'എപ്പോള്‍ ഒരുകൊലപാതകം നടന്നാലും നമ്മള്‍ ആദ്യം ആലോചിക്കേണ്ടത് ആരാണ് ഈ കൊലപാതകത്തിലൂടെ ഏറ്റവും അധികം നേട്ടം കൊയ്യുന്നതെന്നാണ്. ഈ കേസില്‍ എനിക്കായിരുന്നു നഷ്ടപ്പെടാനുണ്ടായിരുന്നത്, കാരണം ഞാനായിരുന്നു അന്ന് അധികാരത്തില്‍. ആ വധം എന്റെ സര്‍ക്കാരിനെ ദുര്‍ഘടത്തിലാക്കുകയായിരുന്നു', മുഷറഫ് പറയുന്നു

'ഒരേയൊരാള്‍ക്ക് മാത്രമേ ബേനസീറിന്റെ മരണത്തോടെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമായിരുന്നുള്ളൂ. അത് ആസിഫ് അലി സര്‍ദാരിക്കാണ്', കേസിനെ കുറിച്ചുള്ള തന്റെ നിരീക്ഷണമിതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു മുഷറഫിന്റെ തുറന്നു പറച്ചില്‍.

'പിന്നീട് സര്‍ദാരിയായിരുന്നു അടുത്ത അഞ്ച് വര്‍ഷം ഭരിച്ചത്. എന്തു കൊണ്ട് അദ്ദേഹം കേസന്വേഷണം ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോയില്ല? കാരണം ആ കൊലപാതകത്തില്‍ അദ്ദേഹത്തിന് പങ്കുണ്ട്'.

'ബൈത്തുള്ള മെഹ്‌സൂദ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് തെളിവുകള്‍ മനസ്സിലാക്കിത്തരുന്നത്. പക്ഷെ ബേനസീറിനെ ലക്ഷ്യം വെക്കാന്‍ അവരോടാരാണ് പറഞ്ഞത്. അവര്‍ക്ക് ഞാന്‍ എന്ന ശത്രു കൂടി ഉണ്ടായിരുന്നിരിക്കെയാണ് ബേനസീറിന കൊല്ലുന്നത്. ഈ ഗ്രൂപ്പ് മുമ്പ് എന്നെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അതിനാല്‍ മെഹസൂദ് കൊല്ലപ്പെടണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ചതും ഞാനായിരുന്നു'.

'ബേനസീറിന് അവശ്യമായ സുരക്ഷ നല്‍കിയില്ല എന്നത് മാത്രമാണ് എനിക്കെതിരെയുള്ള കേസ്.' മുഷറഫ് ആഞ്ഞടിച്ചു 

2007 ഡിസംബര്‍ 27ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബേനസീര്‍ ഭൂട്ടോ വെടിയേറ്റ് മരിക്കുന്നത്. ഭൂട്ടോ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തീവ്രവാദ വിരുദ്ധ കോടതി മുഷറഫിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു.