AFP
മ്യൂണിച്ച്: കൊറോണയുടെ സഞ്ചാരപഥമറിയാന് ഉപ്പ് കൈമാറ്റത്തെ വരെ നിരീക്ഷിച്ച അപൂര്‍വ്വ കഥയുണ്ട് ജര്‍മ്മനിക്ക് പറയാന്‍. ആ ജാഗ്രതയാണ് ഈ മഹാമാരിക്കു മുന്നില്‍ പതറാതെ ആ ജനതയെ നിര്‍ത്തിയതും.
ജര്‍മ്മനിയിലെ വെബാസ്റ്റോ ഗ്രൂപ്പ് കാര്‍ പാര്‍ട്സ് കമ്പനിയിലെ ജീവനക്കാര്‍ക്കാണ് ജര്‍മ്മനിയില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ജനുവരി 27നാണ് ഇക്കാര്യം കമ്പനി സിഇഒ അധികൃതരെ അറിയിക്കുന്നത്. വുഹാനില്‍ നിന്നെത്തിയ ചൈനീസ് ജീവനക്കാരി ജര്‍മ്മനിയിലെത്തിയപ്പോള്‍ തന്നെ ചില രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. എന്നാല്‍ ജെറ്റ് ലാഗിങ് പ്രശ്നമാവുമെന്നാണ് ഇവര്‍ ആദ്യം കരുതിയത്.
തിരിച്ച് ചൈനയിലെത്തി ടെസ്റ്റിന് വിധേയയായപ്പോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ജര്‍മ്മനിയിലേക്ക് വരുന്നതിന് തൊട്ടു മുമ്പ് വുഹാനില്‍ നിന്നെത്തിയ മാതാപിതാക്കളെ ഇവര്‍ കണ്ടിരുന്നു. മാതാപിതാക്കളില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടാവുന്നത്. രോഗബാധിതയായ വിവരം ഉടന്‍ തന്നെ ജര്‍മ്മനിയിലെ തന്റെ കമ്പനിയെ ഷാങ്ഹായിൽ നിന്നെത്തിയ ഈ ജീവനക്കാരി ഇമെയിൽ വഴി അറിയിക്കുകയായിരുന്നു.
കമ്പനിയില്‍ ഒട്ടനേകം സെമിനാറുകളിലും വര്‍ക്ക്ഷോപ്പുകളിലും ഇവര്‍ പങ്കെടുത്തിരുന്നതിനാല്‍ തന്നെ വിഷയം അതീവ ഗൗരവമുള്ളതായി. പിന്നീട് കമ്പനിയുടെ ഇലക്ട്രോണിക് ഡയറി ഉപയോഗിച്ച് രോഗവ്യാപനത്തിന്റെ എല്ലാ സഞ്ചാരപഥവും കമ്പനി അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് തയ്യാറാക്കുകയായിരുന്നു.
ജനുവരി 20ന് യുവതിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തയാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ ആദ്യം സ്ഥിരീകരിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ ഇലക്ട്രോണിക് ഡയറിയിൽ നിന്ന് സമ്പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കാത്തിനാല്‍ ഓരോ രോഗിയിലെയും വൈറസിന്റെ ജനറ്റിക് കോഡിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കിയും ജർമ്മൻ ശാസ്ത്രജ്ഞർ കോണ്ടാക്റ്റ് ട്രേസിങ് നടത്തി.
ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ നാലുപേരില്‍ അധികം താമസിയാതെ രോഗം സ്ഥിരീകരിച്ചു. പക്ഷെ യാതൊരു സമ്പര്ക്കവുമില്ലാതിരുന്ന മറ്റൊരു കമ്പനി ജീവനക്കാരന് രോഗബാധയുണ്ടായത് കണ്ടെത്താനേ കഴിഞ്ഞില്ല. അങ്ങനെയാണ് രോഗബാധിതനായ നാലിലൊരാള്‍ ഉപയോഗിച്ച ഉപ്പിന്റെ സഞ്ചാരപഥത്തിലേക്ക് വരെ അന്വേഷണം എത്തുന്നത്.
കമ്പനി കാന്റീനില്‍ വെച്ച് ഷാങ്ഹായ് യുവതിയില്‍ നിന്ന് രോഗബാധിതനായയാള്‍ മറ്റൊരു ജീവനക്കാരന് ഉപ്പു കൈമാറിയിരുന്നു. അങ്ങനെ അഞ്ചാമത്തെ പോസിറ്റീവ് കേസ് എങ്ങനെയുണ്ടായെന്ന കാര്യത്തിൽ ശാസ്ത്രീയ തെളിവുകളായി. ഇത്തരത്തിൽ ഷാങ്ഹായ് യുവതിയിൽ നിന്ന് ആരംഭിച്ച കോവിഡ് വ്യാപനത്തിലൂടെയുള്ള 16 കേസുകളാണ് കമ്പനി സ്ഥിതിചെയ്യുന്ന ബവേറിയയിൽ സ്ഥിരീകരിച്ചത്
അങ്ങനെ ജനുവരി 28 വെബാസ്റ്റോ കമ്പനിയുടെ ബവേറിയയിലെ ആസ്ഥാനം താത്ക്കാലികമായി അടച്ചിട്ടു. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ ക്വാറന്റൈനിലാക്കി. ജനുവരി 27മുതല്‍ ഫെബ്രുവരി 11 വരെയാണ് മുന്‍കരുതലെന്നോണം കമ്പനി അടച്ചിട്ടത്. മാത്രവുമല്ല സ്ഥാപനം സ്ഥിതി ചെയ്യുന്ന ബവേറിയ ഒന്നാകെ മാര്‍ച്ച് മധ്യത്തോടെ അടച്ചിട്ടു. സ്കൂളുകളും കടകളും കളക്കളങ്ങളുമൊന്നും തുറന്നില്ല.
കൊറോണ മരണനിരക്ക് ജര്‍മ്മനിയില്‍ 1.9% ആയി ചുരുങ്ങിയതിനു ഇതുപോലുള്ള കാരണങ്ങള്‍ ഒട്ടേറെയാണ്. ഇറ്റലിയില്‍ മരണ നിരക്ക് 12.6%ആണ്. വ്യാപകമായി കോവിഡ് ടെസ്റ്റ് നടത്തിയതും ജര്‍മ്മനിയില്‍ രോഗവ്യാപനം തടയാന്‍ ഒരു പരിധി വരെ സാധിച്ചു. 13 ലക്ഷം പേരിലാണ് ഇതുവരെ ടെസ്റ്റ് നടത്തിയത്. ആഴ്ചയില്‍ അഞ്ച് ലക്ഷം ടെസ്റ്റുകള്‍ ഇപ്പോ നടപ്പാക്കി തുടങ്ങി. അതേസമയം ഇറ്റലി ഇതുവരെ 8 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയത്.
രോഗവ്യാപനം മനസ്സിലാക്കാന്‍ സര്‍ക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്പും ജർമ്മനി പുറത്തിറക്കിയിട്ടുണ്ട്.
content highlights: salt pass and minute details of Germany's defence against Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..