കാബൂള്‍: അഫ്ഗാനിസ്താനിലെ ആദ്യ വനിതാ ഗവര്‍ണര്‍മാരിലൊരാളും താലിബാനെ നേരിടാന്‍ ആയുധമെടുക്കുകയും ചെയ്ത സലീമ മസാരി താലിബാന്റെ പിടിയിലായതായി റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ നിരവധി അഫ്ഗാന്‍ നേതാക്കള്‍ രാജ്യമുപേക്ഷിച്ച് പലായനം ചെയ്തിരുന്നുവെങ്കിലും ബൽഖ് പ്രവശ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സലീമ മസാരി. അഫ്ഗാനിസ്താന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ പിടിച്ചടക്കുകയും പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി രാജ്യം വിടുകയും ചെയ്തതിന് പിന്നാലെയാണ് സലീമ മസാരി പിടിയിലാകുന്നത്. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സലീമ മസാരി ഗവര്‍ണായി ചുമതലയേല്‍ക്കുന്നത്. അഫ്ഗാനിസ്താനില്‍ ഗവര്‍ണറായി ചുമതലയേറ്റ ആദ്യ മൂന്ന് വനിതകളില്‍ ഒരാളായിരുന്നു സലീമ മസാരി. മറ്റ് പ്രവശ്യകള്‍ ചെറുത്തുനില്‍പ്പില്ലാതെ താലിബാന് കീഴടങ്ങിയപ്പോള്‍ ബൽഖ് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ല ഗവര്‍ണറായ സലീമ മസാരി പിടിച്ചുനില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. താലിബാനെതിരേ മികച്ച പ്രതിരോധമാണ് അവര്‍ ഉയര്‍ത്തിയത്. അവസാനഘട്ടത്തില്‍ താലിബാന് കീഴടങ്ങാതെ നിന്ന വനിതയുടെ നേൃത്വത്തിലുള്ള ഏക മേഖലയായിരുന്നു ചഹര്‍ കിന്റ്. 

കഴിഞ്ഞ വര്‍ഷം 100 താലിബാന്‍ ഭീകരരുടെ കീഴടങ്ങലുമായി ബന്ധപ്പെട്ട് സലീമ മസാരിയുടെ ഇടപെടലും ചര്‍ച്ച നടത്തിയതും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഫ്ഗാനിസ്താനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വനിതാ നേതാവായിരുന്നു സലീമ മസാരി. അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Salima Mazari, who took up arms to fight Taliban in Balkh, captured in Afghanistan