സായ്നികേഷ്
കീവ്: ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ബന്ധുക്കളെ അറിയിച്ച് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന തമിഴ്നാട് സ്വദേശി സായ് നികേഷ്. കോയമ്പത്തൂര്‍ സ്വദേശിയായ സായ് നികേഷ് റഷ്യന്‍ അധിനിവേശത്തെ ശക്തമായി പ്രതിരോധിക്കുന്ന യുക്രൈന്‍ സൈന്യത്തിന്റെ ഭാഗമായെന്ന കാര്യം സ്ഥിരീകരിക്കപ്പെടുന്നത് കഴിഞ്ഞ എട്ടാംതീയതിയാണ്.
'കീവ് ഇന്‍ഡിപെന്‍ഡന്റ്' എന്ന മാധ്യമം യുവാവിന്റെ ചിത്രങ്ങളടക്കം പുറത്തുവിടുകയും അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന കാര്യം സായ് നികേഷ്, ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചുവെന്നാണ് വിവരം. കുടുംബാഗങ്ങളുമായി ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അച്ഛനെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സായ്‌നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായുടെ സഹായത്തോടെയാണ് സായ്‌നികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ യുക്രൈന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന യുക്രൈനിലെ ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സായ്‌നികേഷ് ചേര്‍ന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ചെറുപ്പം തൊട്ട് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന സായ്‌നികേഷ്, ഇതിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. ഉയരം കുറവായതായിരുന്നു കാരണം. റഷ്യക്കെതിരായി പോരാടാന്‍ നേരത്തെ വിദേശ രാജ്യങ്ങളിലുള്ളവരോട് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു. യുക്രൈനില്‍നിന്ന് മടങ്ങിയാലും ഇന്ത്യയിലെത്തി സേനയുടെ ഭാഗമാകണമെന്ന ആഗ്രഹവും സായ് നികേഷ് പങ്കുവെച്ചെന്നാണ് വിവരം.
ഹാര്‍കീവിലെ ദേശീയ എയ്റോസ്പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ സായ് 2018-ലാണ് യുക്രൈനിലേക്ക് പോയത്. 2022-ല്‍ കോഴ്സ് പൂര്‍ത്തിയാക്കി.
Content Highlights: sai nikesh expresses wish to come back to india suggests reports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..