സോള്‍: ജയിലില്‍ കഴിയുന്ന മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈക്ക് എട്ടു വര്‍ഷം കൂടി തടവ്. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതിനും തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് ദക്ഷിണ കൊറിയന്‍ കോടതി എട്ടു വര്‍ഷം കൂടി തടവ് വിധിച്ചിരിക്കുന്നത്.

അധികാര ദുര്‍വിനിയോഗം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ക്ക് നേരത്തെ 24 വര്‍ഷം തടവ് ലഭിച്ച പാര്‍ക്ക് നിലവില്‍ ജയിലില്‍ കഴിയുകയാണ്. 

പാര്‍ക്ക് പ്രസിഡന്റായിരിക്കുന്ന സമയത്ത് 2.6 മില്യൺ ഡോളർരഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് സോള്‍ ജില്ലാ കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചതിന് രണ്ടു വര്‍ഷം തടവ് പ്രത്യേകം അനുഭവിക്കണമെന്ന് കോടതി പറഞ്ഞു.

വധിക്കപ്പെട്ട ഏകാധിപതി പാര്‍ക്ക് ചുങ് ഹീയുടെ മകളായ പാര്‍ക്ക് 2013 ലാണ് പ്രസിഡന്റായി അധികാരമേറ്റത്. നാല് വര്‍ഷത്തിന് ശേഷം അവരെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ഇംപീച്ച്മെന്റിലൂടെ പുറത്താക്കി. പാര്‍ക്കിനെതിരെ വന്‍ പ്രതിഷേധം രാജ്യത്ത് അലയടിച്ചിരുന്നു. ഉറ്റതോഴി ചോയി സൂണ്‍ സില്ലിന്റെ അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ് അവരുടെ കസേര തെറിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നയംമാറ്റുന്നതിന് ഉറ്റതോഴിയെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന കുറ്റം.