യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യയുടെ പ്രഖ്യാപനം


യുക്രൈൻ അതിർത്തിയിൽ നിന്ന് താവളങ്ങളിലേക്ക് പിൻവാങ്ങുന്ന റഷ്യൻ ടാങ്കുകൾ | ഫോട്ടോ:AP

മോസ്‌കോ: യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്രൈമിയയില്‍ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ അതിര്‍ത്തികളില്‍ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

'തെക്കന്‍ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകള്‍ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി അവരെ നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്ന്‌'റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

സൈനികര്‍ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളും റഷ്യന്‍ ദേശീയ ചാനല്‍ പുറത്തുവിട്ടു. ടാങ്കുകളും പീരങ്കികളും അടക്കമുള്ള കവചിതവാഹനങ്ങളും ക്രൈമിയയില്‍ നിന്ന് റെയില്‍ മാര്‍ഗം മാറ്റുന്നതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.

സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന ഒരുവിഭാഗം സേനയെ അവരുടെ താവളങ്ങളിലേക്ക് പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും അമേരിക്കയുള്‍പ്പടെയുള്ള നാറ്റോ രാജ്യങ്ങള്‍ ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല.

യുക്രൈന്‍ അതിര്‍ത്തിയില്‍ ഒന്നരലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ടെന്നും ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നുമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. റഷ്യ സൈനികരെ പിന്‍വലിച്ചുവെന്നത് തങ്ങള്‍ക്ക് സ്ഥരികരിക്കാനായിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

Content Highlights : Russia is pulling some troops from Ukraine boarder