Photo | AFP
സ്‌റ്റോക്ക്‌ഹോം (സ്വീഡന്‍): റഷ്യന്‍ നാവികസേന പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന ബെലുഗ തിമിംഗിലത്തെ സ്വീഡനില്‍ കണ്ടെത്തി. 2019-ല്‍ നോര്‍വേയില്‍വെച്ച് ഈ തിമിംഗിലത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ കഴുത്തില്‍ കോളര്‍ ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ട്. അതില്‍ Equipment St. Petersburg എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാലാണ് ഇത് റഷ്യ പരിശീലനം നല്‍കി അയച്ച തിമിംഗലമാണെന്ന സംശയം ഉയര്‍ന്നത്.
2019-ല്‍ നോര്‍വേയിലെ ഫിന്‍മാര്‍ക്കിലെ ആര്‍ട്ടിക് പ്രദേശത്താണ് ഈ തിമിംഗിലത്തെ ആദ്യമായി കാണുന്നത്. അന്ന് സംശയം തോന്നിയ നോര്‍വേയിലെ സമുദ്ര ജീവശാസ്ത്രജ്ഞര്‍ തിമിംഗിലത്തിന്റെ ശരീരത്തിലെ ക്യാമറ ഘടിപ്പിച്ച ചരട് അഴിച്ച് വിശദമായി പരിശോധിച്ചു. പ്ലാസ്റ്റിക് നിര്‍മിതമായ ചരടില്‍ 'സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഉപകരണം' (എക്വിപ്‌മെന്റ് സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്) എന്ന് എഴുതിയതായി കണ്ടെത്തി.
തിമിംഗിലം പിന്നീട് അപ്രത്യക്ഷമായെന്നും റഷ്യന്‍ നാവികസേന പരിശീലനം നല്‍കിയിട്ടുണ്ടായിരിക്കാമെന്നും സമുദ്രശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. അതിന്റെ പെരുമാറ്റത്തില്‍ മനുഷ്യരുമായി പരിചയമുള്ളതുപോലെ തോന്നിയതും ചാരത്തിമിംഗിലമാണെന്ന സംശയത്തെ ശക്തിപ്പെടുത്തിയതായി അവര്‍ പറയുന്നു.
മാത്രവുമല്ല, കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി നോര്‍വേയിലെ സമുദ്ര തീരത്തോടു ചേര്‍ന്ന് സാവധാനത്തില്‍ സഞ്ചരിക്കുകയായിരുന്ന തിമിംഗിലം, കഴിഞ്ഞ മാസങ്ങളിലായി വളരെപ്പെട്ടെന്ന് വേഗം കൂട്ടി സ്വീഡനിലെത്തിയതായി വണ്‍വെയ്ല്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടന വ്യക്തമാക്കുന്നു. തിമിംഗിലത്തിന്റെ പെരുമാറ്റം ഉപേക്ഷിക്കപ്പെട്ടതായ ഒരു വളര്‍ത്തുജീവിയെപ്പോലെയാണെന്നും തിമിംഗിലത്തിന്റെ തനതു സ്വഭാവമല്ല അതിനെ നയിക്കുന്നതെന്നും സംഘടന വെളിപ്പെടുത്തി.
സാധാരണ തിമിംഗിലങ്ങള്‍ മനുഷ്യസാന്നിധ്യമുണ്ടാവുമ്പോള്‍ ഒഴിഞ്ഞുപോവുകയാണ് ചെയ്യാറ്. എന്നാല്‍ ഇത് മനുഷ്യസാന്നിധ്യത്തെ തേടുന്നതു പോലെയുണ്ടെന്നും വണ്‍വെയ്ല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. എന്നാല്‍, ചാരത്തിമിംഗിലമാണെന്ന ആരോപണത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹ്വാല്‍ഡിമിര്‍ എന്നാണ് ഈ തിമിംഗിലത്തിന് നോര്‍വേയിലെ വിദഗ്ധര്‍ നല്‍കിയ പേര്.
Content Highlights: russian ‘spy’ whale hvaldimir spotted off sweden coast
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..