മോസ്‌കോ: ഐസ് ബ്രേക്കറിന്റെ സഹായമില്ലാതെ ക്രിസ്‌റ്റോഫ് ഡി മാര്‍ഗെറി എന്ന റഷ്യന്‍ ചരക്കുകപ്പല്‍ ആര്‍ട്ടിക്ക് മേഖലയിലെ വടക്കന്‍ സമുദ്രപാതയിലൂടെ നടത്തിയ യാത്ര ചരിത്രപരമാണ്. ഒപ്പം വലിയൊരു അപകടസൂചനയും.

ഇതാദ്യമായാണ് ഐസ് ബ്രേക്കറിന്റെ സഹായമില്ലാതെ ഇതേ പാതയിലൂടെ ഒരു കപ്പല്‍ സഞ്ചരിക്കുന്നത്. അതിനെ ചരിത്രപരമെന്നു വിശേഷിപ്പിക്കാം. കാലവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആര്‍ട്ടിക്ക് മേഖലയിലെ മഞ്ഞുപാളികള്‍ ഉരുകുന്നതാണ് ഐസ് ബ്രേക്കറിന്റെ സഹായമില്ലാതെ യാത്ര സാധ്യമാക്കിയത് എന്നതാണ് ഈ യാത്ര നല്‍കുന്ന അപകടസൂചന.

മഞ്ഞുപാളികളുള്ള പ്രദേശത്തു കൂടി സഞ്ചരിക്കുക എന്നത് സാധാരണ കപ്പലുകള്‍ക്ക് സാധ്യമല്ല. (കട്ടിയുള്ള മഞ്ഞുപാളികളെ തകര്‍ത്ത് പിന്നാലെ വരുന്ന കപ്പലിന് വഴി തെളിച്ചു കൊടുക്കാന്‍ സാധിക്കുന്ന കപ്പലുകളെയാണ് ഐസ് ബ്രേക്കറുകള്‍ എന്നു പറയുന്നത്). അതുകൊണ്ട് ഇത്തരം ഐസ്‌ബ്രേക്കര്‍ കപ്പലുകളുടെ അകമ്പടിയോടെയാണ് മഞ്ഞുപാളികള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെ സാധാരണ കപ്പലുകള്‍ യാത്ര ചെയ്യുക.

ആര്‍ട്ടിക് മേഖലയിലെ മഞ്ഞുപാളികള്‍ ഉരുകിത്തുടങ്ങിയതിന്റെ സൂചനയാണ് റഷ്യന്‍ കപ്പലിന് ഐസ് ബ്രേക്കറിന്റെ സഹായമില്ലാതെ തന്നെ ആര്‍ട്ടിക് മേഖല കടക്കാന്‍ സഹായകമായത്.

നോര്‍വെയിലെ ഹാമര്‍ഫെസ്റ്റില്‍നിന്ന്  ദക്ഷിണകൊറിയയിലേക്കു പോയ കപ്പലില്‍ ദ്രവീകൃത പ്രകൃതിവാതകമായിരുന്നു ഉണ്ടായിരുന്നത്. സൂയസ് കനാലിലൂടെയുള്ള യാത്രയെക്കാള്‍ മുപ്പത് ശതമാനം അധികം വേഗതയിലാണ് കപ്പല്‍ ലക്ഷ്യത്തിലെത്തിയത്.

പത്തൊമ്പത് ദിവസം കൊണ്ട് കപ്പല്‍ ദക്ഷിണ കൊറിയയില്‍ എത്തി. ആര്‍ട്ടിക്കിലെ മഞ്ഞുരുകുന്നു എന്ന സാധ്യതയെ പ്രയോജനപ്പെടുത്തി നിര്‍മിച്ച കപ്പലാണ് ക്രിസ്‌റ്റോഫ് മാര്‍ഗെറി. മഞ്ഞുപാളിയെ തകര്‍ത്ത് മുന്നേറാനുള്ള ഐസ് ബ്രേക്കിങ് സംവിധാനം കപ്പലില്‍ തന്നെ സജ്ജമാക്കിക്കിയിരുന്നു. 1.2 മീറ്റര്‍ കട്ടിയുള്ള മഞ്ഞുപാളികളുള്ള പ്രദേശം ആറര ദിവസം കൊണ്ടാണ് ക്രിസ്‌റ്റോഫ് കടന്നത്. ആര്‍ട്ടിക് മേഖലയിലൂടെയുള്ള വര്‍ധിച്ചു വരുന്ന കപ്പല്‍ ഗതാഗതത്തെ കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.