വ്ളാഡിമിർ പുതിൻ | Photo: AP
മോസ്കോ: വിദേശ യാത്രകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്റെ മല-മൂത്ര വിസര്‍ജ്യങ്ങള്‍ അംഗരക്ഷകര്‍ ശേഖരിച്ച് വെയ്ക്കുന്നതായി റിപ്പോര്‍ട്ട്. പുതിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് അംഗരക്ഷകര്‍ ഇത് പ്രത്യേകമായി ശേഖരിക്കുന്നതെന്നും ഇവ പിന്നീട് മോസ്കോയിലാണ് ഉപേക്ഷിക്കുന്നതെന്നും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഫ്രഞ്ച് മാധ്യമമായ പാരിസ് മാച്ചും സമാനമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സഹിതം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
റഷ്യയുടെ ഫെഡറല്‍ ഗാര്‍ഡ് സര്‍വീസില്‍നിന്നുള്ള പ്രത്യേക അംഗരക്ഷകനാണ് പുതിന്റെ വിസര്‍ജ്യങ്ങള്‍ ശേഖരിക്കുന്നതെന്നാണ് ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക പെട്ടിയും അംഗരക്ഷകന്റെ കൈവശമുണ്ടെന്നും ശേഖരിക്കുന്ന വിസര്‍ജ്യം റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് തിരിച്ചയക്കുകയാണ് പതിവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിന്റെ ശരീരത്തില്‍നിന്നുള്ള മാലിന്യങ്ങള്‍ പ്രത്യേക പാക്കറ്റുകളിലാക്കിയാണ് ശേഖരിക്കുന്നത്. ഇവയെല്ലാം പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ച് തിരികെ കൊണ്ടുപോവുകയാണ്. 2017 മേയ് അവസാനം നടത്തിയ ഫ്രഞ്ച് സന്ദര്‍ശനത്തിലും 2019 ഒക്ടോബറില്‍ നടത്തിയ സൗദി അറേബ്യ സന്ദര്‍ശനത്തിലും ഇത്തരത്തില്‍ വിസര്‍ജ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിദഗ്ധരെയും ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിന് അധികാരം ഏറ്റെടുത്ത കാലം മുതല്‍ ഇത്തരംരീതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു വിവരം പോലും വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കാതിരിക്കാനാണ് പുതിന് വിസര്‍ജ്യങ്ങള്‍ പോലും റഷ്യയിലേക്ക് തിരികെ അയക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 'തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരം വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുമോയെന്ന് പുതിന് ഭയപ്പെടുന്നു. നീണ്ടകാലത്തേക്ക് താന്‍ തന്നെ റഷ്യ ഭരിക്കുമെന്നത് ഉയര്‍ത്തിക്കാട്ടുകയാണ് അദ്ദേഹത്തിന്റെ ആവശ്യം. അധികാരകൈമാറ്റത്തെ ബാധിക്കുന്ന എന്ത് കാര്യവും തടസപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്'- മുന്‍ ഡി.ഐ.എ. ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ റബേക്കാ കോഫ്ലര്‍ പറഞ്ഞു.
നേരത്തെ റഷ്യ-യുക്രൈന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ പുതിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിന് രക്താര്‍ബുദം ബാധിച്ചെന്നും ആരോഗ്യനില മോശമാണെന്നുമായിരുന്നു അഭ്യൂഹം. എന്നാല്‍ ചില യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇക്കാര്യങ്ങളെല്ലാം റഷ്യന്‍ ഭരണകൂടം പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു.
Content Highlights: russian president vladimir putins bodyguards collect his excrement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..