
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും |ഫോട്ടോ:AP
മോസ്കോ: ലോകത്തിന് മുന്നില്‍ വീണ്ടും ആണവായുധ ഭീഷണി ഉയര്‍ത്തി റഷ്യ. തുടങ്ങിവച്ചാല്‍ ആണവായുധങ്ങള്‍ പ്രയോഗിച്ചുള്ള ഒരു മൂന്നാം ലോകമഹായുദ്ധം നടക്കുമെന്നും അത് വിനാശകരമാകുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ മുന്നറിയിപ്പ്. യുക്രൈനില്‍ റഷ്യയുടെ അധിനിവേശം നടക്കുന്നതിനിടെ അല്‍ ജസീറക്ക് നല്കിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.
യുക്രൈനുമായി റഷ്യ രണ്ടാം റൗണ്ട് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കയാണെന്ന് പറഞ്ഞ ലാവ്റോവ് ചര്‍ച്ചകള്‍ക്ക് അമേരിക്ക തടസ്സം നില്‍ക്കുകയാണെന്ന് കുറ്റപ്പെടുത്തി.
'ഞങ്ങള്‍ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ യുക്രൈന് യുഎസ് നിര്‍ദേശമനുസരിച്ച് സമയം വെച്ച് കളിക്കുകയാണ്' റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. യുക്രൈന് ആണവായുധം ലഭിക്കുന്ന സാഹചര്യമുണ്ടായാലാണ് യഥാര്‍ഥ അപകടം നേരിടേണ്ടിവരുകയെന്നും അതിന് തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇതിനിടെ യുക്രൈനുമായി അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിനിധികള്‍ ബുധനാഴ്ച 'സ്ഥലത്ത്' ഉണ്ടാകുമെന്ന് മോസ്കോ വാക്താവ് അറിയിച്ചു. എന്നാല്‍ ഏത് സ്ഥലത്ത് വെച്ചെന്നോ ചര്‍ച്ചയുടെ മറ്റു വിവരങ്ങളോ റഷ്യ വെളിപ്പെടുത്തിയിട്ടില്ല.
'ഇന്ന് ഉച്ചതിരിഞ്ഞ്, ഞങ്ങളുടെ പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കായി കാത്തിരിക്കും. ഇന്ന് രാത്രി വരെ ചര്‍ച്ച നടത്താന്‍ ഞങ്ങളുടെ പ്രതിനിധി സംഘം തയ്യാറാണ്' റഷ്യന്‍ വാക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച യുക്രൈന് അതിര്‍ത്തി രാജ്യമായ ബെലാറുസില്‍ വെച്ച് റഷ്യ-യുക്രൈന് പ്രതിനിധികള്‍ ആദ്യ ഘട്ട ചര്‍ച്ച നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നാതായി ഇരുഭാഗത്ത് നിന്നും സ്ഥിരീകരിച്ചെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായിരുന്നില്ല. ആക്രമണം രൂക്ഷമായി തുടരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..