മോസ്‌കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ സംഘം തിരിച്ചെത്തി. 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയ സംഘം ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കസാഖ്‌സ്താനില്‍ തിരിച്ചിറങ്ങിയത്.  

ചലഞ്ച് എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണത്തിനായി റഷ്യന്‍ നടി യൂലിയ പെരെസില്‍ഡും നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്. ഹൃദ്രോഗംവന്ന് ബഹിരാകാശനിലയത്തില്‍ അകപ്പെട്ടുപോയ സഞ്ചാരിയെ രക്ഷിക്കാന്‍ വനിതാ സര്‍ജനെ അയക്കുന്ന കഥ പ്രമേയമാക്കിയുള്ള സിനിമയാണ് ചലഞ്ച്. ബഹിരാകാശത്ത് നടന്ന ആദ്യ സിനിമാ ചിത്രീകരണമായിരുന്നു ഇത്.

റഷ്യന്‍ ബഹിരാകാശ യാത്രികനായ  ഒലെഗ് നോവിറ്റ്‌സ്‌കിയും ഇവര്‍ക്കൊപ്പം തിരിച്ചെത്തി. കഴിഞ്ഞ ആറ് മാസമായി ഒലെഗ്  ബഹിരാകാശ നിലയത്തിലായിരുന്നു. റോസ്‌കോസ്‌മോസിന്റെ സോയുസ് എംഎസ്-19 ബഹിരാകാശ വാഹനത്തിലാണ് സംഘം തിരിച്ചെത്തിയത്. 

കസാഖ്സ്താനിലെ ബൈകനൂരില്‍നിന്ന് ഈ മാസം തുടക്കത്തിലാണ് സംഘം ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇവര്‍ക്കൊപ്പം യാത്ര തിരിച്ച ബഹിരാകാശ യാത്രികനായ ആന്റണന്‍ ഷിപെന്‍കോക്ക് ബഹിരാകാശ നിലയത്തില്‍ തുടരും. 

യു.എസിനെ മറികടന്നാണ് റഷ്യന്‍ സംഘം ബഹിരാകാശത്ത് ആദ്യസിനിമ ചിത്രീകരികരണം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലണ്‍ മസ്‌കിനും നാസയ്ക്കും ഒപ്പംചേര്‍ന്ന് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് ഇക്കൊല്ലമാദ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെയാണ് റഷ്യ കടത്തിവെട്ടിയത്.

content highlights: Russian crew returns to Earth after filming first movie in space