ചെർണോബില്ലിൽ റഷ്യ ഉപേക്ഷിച്ച സായുധ വാഹനത്തിന് സമീപത്തുകൂടെ നടന്നു പോവുന്ന യുക്രൈൻ സൈനികൻ | Photo: AP
കീവ്: യുക്രൈനില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്. അധിനിവേശം ആരംഭിച്ച ആദ്യ ആഴ്ചയില്‍ തന്നെ റഷ്യന്‍ സൈനികര്‍ ആണവ നിലയം സ്ഥിതിചെയ്യുന്ന ചെര്‍ണോബിലിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവിടെനിന്ന് റഷ്യന്‍ സേന പിന്മാറി. ആണവ നിലയത്തില്‍നിന്ന് പുറപ്പെടുന്ന ഉയര്‍ന്ന തോതിലുള്ള റേഡിയേഷന് കാരണമാണ് റഷ്യന്‍ സൈന്യം സ്ഥലം വിട്ടതെന്നാണ് യുക്രൈന് അവകാശപ്പെടുന്നത്. നിരവധി റഷ്യന്‍ സൈനികര്‍ക്ക് റേഡിയേഷന് ഏറ്റവുമെന്നും യുക്രൈന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ചെര്‍ണോബില്ലിലെ റഷ്യയുടെ അധിനിവേശത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരിക്കുകയാണ് ബിബിസിയിലെ മാധ്യമ പ്രവര്‍ത്തകനായ യോഗിത ലിമായെ. ചെര്‍ണോബിലില്‍നിന്ന് റഷ്യന്‍ സേന പിന്മാറിയതിന് തൊട്ടുപിന്നാലെ പ്ലാന്റിലെത്തിയ ആള് കൂടിയാണ് ലിമായെ.
1986ല്‍ യുക്രൈന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴാണ് ലോകത്തെ നടക്കിയ ചെര്‍ണോബില്‍ ദുരന്തം ഉണ്ടാകുന്നത്. രൂക്ഷമായ ആണവ വികിരണ വ്യാപനത്തെ തുടര്‍ന്ന് ചെര്‍ണോബില്‍ മനുഷ്യവാസമില്ലാത്ത പ്രദേശമായി മാറിയിരുന്നു. ആണവ ശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ പ്രധാനമായും എത്തിയിരുന്നത്. ആണവ മാലിന്യങ്ങള്‍ നീക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് റഷ്യന്‍ അധിനിവേശമുണ്ടായത്.
ഫെബ്രുവരി 24നാണ് ടാങ്കറുകളും സായുധ വാഹനങ്ങളുമായി റഷ്യന്‍ സേന ചെര്‍ണോബില്ലിലേക്ക് ഇരച്ചെത്തിയത്. ബെലാറുസിയന്‍ അതിര്‍ത്തിയിലൂടെയാണ് സേന ചെര്‍ണോബില്ലിലേക്ക് കടന്നത്. ചെര്ണോബില്ലിന് സുരക്ഷയൊരുക്കിയിരുന്ന ഇരുന്നൂറോളം വരുന്ന യുക്രൈന് സൈനികരെ റഷ്യന്‍ സേന പ്ലാന്റിന്റെ ബേസ്മെന്റില്‍ തടവിലാക്കി. തുടര്‍ന്ന് യുക്രൈന് സൈന്യത്തിന്റെ ആയുധങ്ങള്‍ കൈക്കലാക്കി. അതേസമയം പ്ലാന്റിലെ എഞ്ചിനീയര്‍മാരേയും സൂപ്പര്‍വൈസര്‍മാരേയും മറ്റ് സാങ്കേതിക വിഭാഗം ജീവനക്കാരേയും ജോലിയില്‍ തുടരാന്‍ അനുവദിച്ചു.
.jpg?$p=cce9be6&&q=0.8)
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ റഷ്യയില്‍ നിന്നുള്ള ആണവോര്‍ജ ഏജന്‍സിയില്‍ നിന്നുള്ള സംഘം ചെര്ണോബില്ലിലേക്കെത്തി. ജീവനക്കാര്‍ പൂര്‍ണമായും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. പ്രവര്‍ത്തന സജ്ജമായ ആണവ പ്ലാന്റ് അല്ല ചെര്‍ണോബില്‍ എങ്കിലും ലോകത്തെ നടുക്കിയ ആണവദുരന്തത്തില്‍ ബാക്കിയായ ആണവമാലിന്യങ്ങള്‍ ഈ പ്ലാന്റില്‍ സൂക്ഷിച്ചിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചില്ലെങ്കില്‍ അതിരൂക്ഷമായ ആണവവികിരണ വ്യാപന സാധ്യതയാണ് ചെര്‍ണോബില്‍ പ്ലാന്റില്‍ ഇപ്പോഴും തുടരുന്നത്. 1986ലെ ദുരന്തത്തിന് ശേഷം പ്ലാന്റില്‍ നിന്നുള്ള ആണവ വികിരണ വ്യാപനം തടയാനായി മില്ല്യണ്‍ ഡോളര്‍ തുകയാണ് യുക്രൈന് ചെര്‍ണോബില്ലില്‍ ചെലവഴിച്ചത്.
' പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും റഷ്യന്‍ സൈന്യത്തിന് അറിയണമായിരുന്നു. ചിലപ്പോള്‍ അവരുടെ ചോദ്യം ചെയ്യല്‍ രൂക്ഷമായിരുന്നു, മര്ദ്ദിക്കുവോ എന്ന പോലും ഭയന്നിരുന്നതായി പ്ലാന്റിലെ റേഡിയേഷന് സുരക്ഷാ സൂപ്പര്വൈസര്മാരിലൊരാളായ ഒലക്സാന്‍ഡര്‍ ലോബാദയെ ഉദ്ധരിച്ച് ലിമായെ റിപ്പോര്‍ട്ട് ചെയ്തു.
"പ്ലാന്റിലെ എല്ലാ മുറികളും അവര്‍ കയറി പരിശോധിച്ചു. താക്കോല്‍ ഉപയോഗിച്ച് അടച്ചിട്ടിരുന്ന മുറികള്‍ അവര്‍ ബലം പ്രയോഗിച്ച് തകര്‍ത്തു. മൂന്ന് ദിവസത്തേക്ക് പ്ലാന്റിലേക്ക് വൈദ്യുതി പോലും എത്തിയിരുന്നില്ല. പ്ലാന്റിന്റെ നിയന്ത്രണം തടസ്സപ്പെടാതിരിക്കാനായി ജനറേറ്റര്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ജീവനക്കാര്‍. റഷ്യന്‍ സേനയുടെ പക്കല്‍ നിന്ന് ഒരു ജനറേറ്റര്‍ മോഷ്ടിക്കാന്‍ പോലും ശ്രമിച്ചു" എഞ്ചിനീയറായ വലൈറി സിമോനോവ് പറഞ്ഞു.
വൈദ്യുതി ലഭിക്കുന്നത് പൂര്‍ണമായും തടസ്സപ്പെട്ടാല്‍ വന്ദുരന്തത്തിലേക്കാവും അത് നയിക്കുക. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ പുറത്തേക്ക് വമിക്കും. അതുണ്ടാക്കിയേക്കാവുന്ന ദുരന്തം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. എന്റെ ജീവനെ കുറിച്ച് എനിക്ക് ഭയമില്ല, എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം യഥാര്‍ഥ നിലയ്ക്ക് നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് ഭയമുണ്ട്. എത്ര വലിയ ദുരന്തമാണ് അത് മനുഷ്യകുലത്തില്‍ ഉണ്ടാക്കുകയെന്ന് എനിക്ക് ഭയമുണ്ടെന്നും സിമോനോവ് പറഞ്ഞതായി ലിമായെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളുടെ സ്വാധീനത്തിലകപ്പെട്ടതിനെ തുടര്‍ന്നാണ് റഷ്യ പിന്മാറിയത്. റഷ്യന്‍ സൈനികര്‍ക്ക് റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നില്ലെന്നാണ് യുക്രൈന് ആണവ ഏജന്‍സി വക്താക്കള്‍ പറഞ്ഞത്. അവരുടെ സൈനികരില്‍ പലര്‍ക്കും ശാരീരിക അസ്വസ്ഥത ഉണ്ടായി. സൈനികര്‍ തളര്‍ന്നതോടെയാണ് ഇവിടെ നിന്ന് പിന്മാറാന് റഷ്യന്‍ സേന തയ്യാറായതെന്നും വക്താക്കള്‍ പറഞ്ഞു.
പ്ലാന്റിന്റെ പിന്നില്‍ റെഡ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന മേഖലയിലാണ് ഏറ്റവും കൂടുതല്‍ റേഡിയേഷന് സാന്നിധ്യമുള്ളത്. ഈ മേഖലയിലെ പൈന്‍ മരങ്ങള്‍ റേഡിയേഷന് ആഗിരണം ചെയ്തതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചത്. 400 ഹെക്ടര്‍ പ്രദേശത്തുളള പൈന്‍ മരങ്ങളുടെ അഗ്രം റേഡിയേഷന് മൂലം ചുവന്ന നിറത്തിലേക്ക് മാറിയതോടെയാണ് റെഡ് ഫോറസ്റ്റ് എന്ന പേര് വീണത്. ദുരന്തത്തിന് ശേഷം റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ നശിപ്പിക്കപ്പെടുന്നതിന്റെ ഭാഗമായി ഇവിടെയുള്ള ഭൂരിഭാഗം പൈന്‍ മരങ്ങളും വെട്ടിനശിപ്പിക്കപ്പെട്ടിരുന്നു. വെട്ടിയിട്ട മരങ്ങള്‍ ഇവിടെ തന്നെ കുഴിച്ചിട്ടു. ചെര്‍ണോബില്‍ അധിനിവേശത്തിനിടെ റഷ്യന്‍ സേന ഇവിടെയാണ് കിടങ്ങുകള്‍ കുഴിച്ചതും താമസിക്കാനുള്ള ടെന്റുകള്‍ സ്ഥാപിച്ചതും. ചെര്‍ണോബില്ലില്‍ നിന്ന് പുറത്തുവന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ചെര്‍ണോബില്ലില്‍ നിന്ന് പിന്മാറുമ്പോള് തടവിലാക്കിയ സൈനികരേയും റഷ്യ ഒപ്പം കൂട്ടിയിട്ടുണ്ടെന്നാണ് യുക്രൈന് സേന പറയുന്നത്. തടവിലായിരുന്നവര് ആരും തിരിച്ചെത്തിയില്ല. അവര്‍ റഷ്യയിലുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന് യുക്രാന്‍ സൈനിക വക്താക്കള്‍ പറഞ്ഞു.
Content Highlights: Russian Army's invasion in Ukraine's Chernobyl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..