യുക്രൈൻ - റഷ്യ അതിർത്തിയിൽനിന്നുള്ള ദൃശ്യം | AFP
നെടുമ്പാശ്ശേരി: യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ യുക്രൈനില്‍നിന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. യുെക്രെന് വിടാന്‍ എംബസിയില്‍നിന്നു നിര്‍ദേശം വന്നതിനെത്തുടര്‍ന്നാണിത്.
ഒട്ടേറെ മലയാളി വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി പോരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലധികമാണ്. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുമെന്നതിനാല്‍ കൂടുല്‍ പേരും ഷാര്‍ജ വഴിയാണ് നാട്ടിലേക്കു വരുന്നത്. തിരക്ക് കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
ആലുവ മണപ്പുറം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ജി. ബിജുവിന്റെ മകള്‍ കാശ്മീര നായര്‍ ഉള്‍പ്പെടെ 18 അംഗം സംഘം ബുധനാഴ്ച നാട്ടിലേക്ക് വിമാനം കയറി. അവിടെ എം.ബി.ബി.എസ്. നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് കാശ്മീര. ഇവര്‍ കയറിയ വിമാനത്തില്‍ 40-ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ളതായി പറയുന്നു.
നിലവില്‍ അതിര്‍ത്തിയില്‍ മാത്രമാണ് സൈനികര്‍ കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ളത്. യുദ്ധസാധ്യതയില്ലെന്നാണ് യുെക്രെന് നിവാസികള്‍ പറയുന്നതെന്ന് കാശ്മീര പറഞ്ഞു. യുദ്ധഭീഷണിയെത്തുടര്‍ന്ന് കുറച്ചുദിവസമായി ക്ലാസുകള്‍ നടക്കുന്നത് ഓണ്‍ലൈനിലാണ്. കുറേപ്പേര് ചേര്‍ന്ന് പ്രത്യേക വിമാനം ഒരുക്കാനും ശ്രമം നടത്തുന്നുണ്ട്.
ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ നടപടി തുടങ്ങി
ന്യൂഡല്‍ഹി : യുദ്ധഭീതി തുടരുന്ന യുക്രൈനില്‍നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിവിധ വിമാനക്കമ്പനികളുമായി വ്യോമയാനമന്ത്രാലയം ചര്‍ച്ച തുടരുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷ, മടങ്ങിവരവ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്കാന് ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിലും കീവിലെ ഇന്ത്യന്‍ എംബസിയിലും കണ്ട്രോള്റൂമുകള് തുറന്നു. തിരികെവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വ്യക്തമാക്കി.
മലയാളികളുള്‍പ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് ഇപ്പോള്‍ യുക്രൈനിലുള്ളത്. ഇതില്‍ പതിനെണ്ണായിരം പേര് വിവിധ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠിതാക്കളാണ്. ബാക്കിയുള്ളവര്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് ഗതാഗതം, വിനോദസഞ്ചാരം, സംസ്കാരം എന്നീ മന്ത്രാലയങ്ങളുടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയോഗം ബുധനാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എംബസിയിലെ കണ്ട്രോള് റൂം നമ്പറുകള്‍: 1800118797 (ടോള്‍ ഫ്രീ), മറ്റ് നമ്പറുകള്‍ : 011-23012113, 23014104, 23017905, ഫാക്സ് നമ്പര്‍ : 011-23088124, ഇ.മെയില്‍ : situationroom@mea.gov.in
യുക്രൈനിലെ ഹെല്പ് ലൈന്‍ നമ്പറുകള്‍: +380 997300428, +380 997300483, ഇ.മെയില്‍ : cons1.kyiv@mea.gov.in, വെബ്സൈറ്റ് : www.eoiukraine.gov.in
നോര്‍ക്ക സെല്‍ തുടങ്ങി
തിരുവനന്തപുരം: യുക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യ മന്ത്രാലയവുമായും യുക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് റെസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. യുക്രൈനിലെ മലയാളികള്‍ക്ക് എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. യുക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പറിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
ക്രൈമിയയിലെ സൈനികാഭ്യാസം അവസാനിപ്പിച്ചെന്ന് റഷ്യ; പിന്മാറുന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് നാറ്റോയും യു.എസും യുക്രൈനും
മോസ്കോ: യുക്രൈന് അതിര്‍ത്തിയോടുചേര്‍ന്ന ക്രൈമിയയിലെ തങ്ങളുടെ സൈനികാഭ്യാസം അവസാനിപ്പിച്ചെന്നും സേനാംഗങ്ങളും ആയുധസന്നാഹങ്ങളും തിരിച്ച് താവളങ്ങളിലേക്ക് മടങ്ങിയെന്നും റഷ്യ ബുധനാഴ്ച അറിയിച്ചു.
ആയുധങ്ങളും സൈനികരെയും വഹിച്ച് വാഹനങ്ങള്‍ ക്രൈമിയ വിടുന്നതിന്റെ വീഡിയോ റഷ്യന്‍ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു.
ചൊവ്വാഴ്ചതന്നെ അതിര്‍ത്തിയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, റഷ്യ ഇപ്പോഴും സൈനികസാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്നും പിന്മാറുന്നതിന് തങ്ങള്‍ക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും നാറ്റോയും യു.എസും യുക്രൈനും ബുധനാഴ്ചയും ആവര്‍ത്തിച്ചു.
അതിനിടെ, യുക്രൈന് സൈന്യത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകള്‍ക്കുനേരെ ബുധനാഴ്ച സൈബര്‍ ആക്രമണമുണ്ടായി.
യുക്രൈന്റെ കിഴക്കും തെക്കും വടക്കും അതിര്‍ത്തിമേഖലകളില്‍ റഷ്യ ഒന്നരലക്ഷത്തോളം സൈനികരെയും ആയുധങ്ങളും വിന്യസിച്ചതാണ് മേഖലയില്‍ യുദ്ധഭീതി പടരാന്‍ കാരണമായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..