വിമാനങ്ങള്‍ക്കോ ഹെലികോപ്ടറുകള്‍ക്കോ പറന്നിറങ്ങാന്‍ സാധ്യമല്ലാത്ത പ്രദേശങ്ങളില്‍ നായകളെ പാരച്യൂട്ടില്‍ ഇറക്കാനുള്ള പരീക്ഷണം റഷ്യ ആരംഭിച്ചു. റോസ്‌ടെക് സ്‌റ്റേറ്റ് കോര്‍പറേഷന്റെ ഭാഗമായ ടെക്‌നോഡൈനാമിക്കയാണ് ഒരാള്‍ക്കൊപ്പം നായയെ വിമാനത്തില്‍ നിന്ന് ഭൂമിയിലെത്തിക്കാന്‍ സഹായിക്കുന്ന പാരച്യൂട്ട് വികസിപ്പിച്ചെടുത്തത്. ഉയരത്തിലുള്ള വിമാനത്തില്‍ നിന്ന് പാരച്യൂട്ടിന്റെ സഹായത്തോടെ സേനകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന നായകള്‍ക്ക് പറന്നിറങ്ങാനാവുമോ എന്നുള്ള ആദ്യപരീക്ഷണത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

13,000 അടി ഉയരത്തില്‍ നിന്ന് ഒരു ജര്‍മന്‍ ഷെപ്പേഡിനെയാണ് പാരച്യൂട്ടില്‍ താഴേക്കിറക്കിയത്. പുതിയതായി വികസിപ്പിച്ചെടുത്ത പാരച്യൂട്ടിന്റെ അവസാനഘട്ട പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് ടെക്‌നോഡൈനാമിക്ക അറിയിച്ചു. കാല്‍നടയായി എത്തിച്ചേരാന്‍ അധികസമയമെടുക്കുന്ന പ്രദേശങ്ങളില്‍ ഈ സംവിധാനം കൂടുതല്‍ പ്രയോജനപ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനമുള്‍പ്പെടെ സൈന്യത്തിന്റെ പലവിധ പ്രവര്‍ത്തനങ്ങളിലും പരിശീലനം നേടിയ നായകളെ ഉപയോഗിക്കാറുണ്ട്. 

ഒരാള്‍ക്കോ ഒന്നിലധികം പേര്‍ക്കോ ഈ പാരച്യൂട്ടില്‍ സഞ്ചരിക്കാം. പാരച്യൂട്ട് ലാന്‍ഡിങ്ങിന് ശേഷം 'സഞ്ചാരികള്‍' കൂളായിരുന്നതായി ടെക്‌നോഡൈനാമിക്ക പറഞ്ഞു. വിമാനത്തിന്റെ വാതില്‍ തുറന്നയുടനെ കാറ്റും ശബ്ദവും കാരണം നായകള്‍ അല്‍പം പരിഭ്രാന്തരായെങ്കിലും ഒപ്പമുണ്ടായിരുന്ന പരിശീലകന് അവയെ ശാന്തരാക്കാന്‍ സാധിച്ചതായി ടെസ്റ്റ് പാരച്യൂട്ടിസ്റ്റായ ആന്‍ഡ്രേ ടൊറോപ്‌കോവ് പ്രതികരിച്ചു. 

നായകളുടെ പാരച്യൂട്ട് ചാട്ടത്തിന്റെ ഉയരം വര്‍ധിപ്പിക്കാനുള്ള പരീക്ഷണം തുടരുന്നതായി കമ്പനി അറിയിച്ചു. 8000 മീറ്റര്‍ വരെ ഉയരത്തില്‍ നിന്ന് താഴേക്കിറങ്ങാന്‍ നായകളെ പരിശീലിപ്പിക്കും. 2021 അവസാനത്തോടെ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Content Highlights: Russia tests newly developed parachute system on service dogs