ഹൈദരാബാദ്: സ്പുട്‌നിക് വാക്‌സിന്റെ അടുത്ത ബാച്ച് ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി റഷ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 1.5 ലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തും. ഇതിന് പുറമേ 30 ലക്ഷം ഡോസും ഈ മാസം അവസാനത്തോടെ ഹൈദരാബാദിലെത്തും. 

1.5 ലക്ഷം ഡോസ് വാക്‌സിനടങ്ങിയ ആദ്യ ബാച്ച് മെയ് ഒന്നിനാണ് ഇന്ത്യയിലെത്തിയത്. ഡോ. റെഡ്ഡി ലാബോറട്ടറീസ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫോര്‍ വാക്‌സിനുമായി സഹകരിച്ചാണ് വാക്‌സിന്‍ രാജ്യത്തെത്തിക്കുന്നത്. 

വാക്‌സിന് പുറമേ നാല് ഓക്‌സിജന്‍ ജനറേറ്റിങ് ട്രക്കുകളും റഷ്യ ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്. മണിക്കൂറില്‍ 70 കിലോഗ്രാം ഓക്‌സിജനും പ്രതിദിനം 50,000 ലിറ്റര്‍ ഓക്‌സിജനും ഉത്പാദിപ്പിക്കാനുള്ള കഴിവ് ഈ ട്രക്കുകള്‍ക്കുണ്ട്. 

2020 സെപ്തംബറിലാണ് ഡോ. റെഡ്ഡീസും ആര്‍.ഡി.ഐ.എഫുമായി വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിന് ധാരണയായത്. 100 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ ഇന്ത്യയ്ക്ക് റഷ്യ നല്‍കുമെന്നായിരുന്നു ധാരണ. പിന്നീട് ഇത് 125 മില്ല്യണ്‍ ഡോസ് ആക്കി ഉയര്‍ത്തി. സ്പുട്‌നിക് വാക്‌സിന്റെ അടിയന്തര ആവശ്യങ്ങളിലെ നിയന്ത്രിത ഉപയോഗത്തിന് ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയിരുന്നു. 

അടുത്ത മാസം സ്ഫുട്‌നിക് വാക്‌സിന്‍ ഉത്പാദനം 50 ലക്ഷമായി ഉയര്‍ത്താനാണ് റഷ്യ ലക്ഷ്യമിടുന്നത്. ജൂലൈയില്‍ ഇത് ഒരു കോടിയാക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. 

Content Highlights: Russia Sending Second Batch of 1.5 Lakh Sputnik V Covid-19 Vaccines to India