കീവിലെ ടെലിവിഷൻ ടവറിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് ശേഷം പരിശോധന നടത്തുന്ന പോലീസ് സംഘം |ഫോട്ടോ:AFP
കീവ്: യുദ്ധം ഒമ്പതാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ കനത്ത പോരാട്ടം നടക്കുന്ന യുക്രൈനിലെ ഹാര്‍ഖീവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെയും മറ്റു വിദേശികളെയും ഒഴിപ്പിക്കാനായി 130 ബസുകള്‍ സജ്ജമാക്കിയതായി റഷ്യ. ബെല്‍ഗർഡ് മേഖലയിലെ നഖേദ്ക, സുഡ്‌സ എന്നീ ചെക്ക് പോയന്റുകളില്‍ നിന്ന് ബസുകള്‍ പുറപ്പെടുമെന്ന് റഷ്യന്‍ നാഷണല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായില്‍ മിസിന്റ്‌സേവ് അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി റഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് പ്രതിനിധിസംഘം ബെല്‍ഗർഡില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ബസുകളില്‍ ചെക്ക് പോയിന്റുകളില്‍ എത്തുന്നവര്‍ക്ക് റഷ്യന്‍ സൈന്യം താത്ക്കാലിക താമസസൗകര്യവും വിശ്രമവും ഭക്ഷണവും ഒരുക്കും. ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ സഹായവും നല്‍കുമെന്നും കേണല്‍ ജനറല്‍ മിഖായില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബെല്‍ഗർഡില്‍ എത്തിച്ച ശേഷം ഇവിടെനിന്ന് വിമാനമാര്‍ഗം അതാത് രാജ്യങ്ങളിലേക്ക് അയക്കാനാണ് തീരുമാനം. ഇതിനായി റഷ്യന്‍ സൈനിക വിമാനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുമെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി ഏകദേശം 600-ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 7000-ല്‍ അധികം വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ഇതിനിടെ, യുക്രൈനിലെ നിലവിലെ സ്ഥിതിഗതികളും ഇന്ത്യന്‍ പൗരന്‍മാരുടെ ഒഴിപ്പിക്കലും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗംചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റതിന് പിന്നാലെയാണ് മോദി ഉന്നതതല യോഗം വിളിച്ചത്. യുദ്ധം ആരംഭിച്ച ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അഞ്ചാമത്തെ യോഗമാണിത്.
Content Highlights: Russia has Arranged 130 Buses To Evacuate Indians From Kharkiv, Sumy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..