പുതിൻ| ഫോട്ടോ എ.പി
മോസ്കോ: ജനുവരി മുതല്‍ റഷ്യൻ നാവികസേനയുടെ പക്കൽ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. അത്യാധുനിക ശേഷിയുള്ള ക്രൂയിസ് മിസൈൽ കഴിഞ്ഞ വർഷങ്ങളിലായിട്ടാണ് റഷ്യ വികസിപ്പിച്ചത്. ഇതിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യൻ നാവിക സേനയുടെ യുദ്ധക്കപ്പലായ അഡ്മിറൽ ഗോർഷോവില്‍ മിസൈൽ സ്ഥാപിക്കുമെന്ന് പുതിൻ വ്യക്തമാക്കിയത്.
ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് പുതിൻ തന്നെയാണ് സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ കമ്മിഷന്‍ ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്. 'ലോകത്തിൽ തുല്യതയില്ലാത്ത ക്രൂയിസ് മിസൈലായ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ജനുവരിയോടെ റഷ്യയുടെ നാവികസേനാ കപ്പലായ അഡ്മിറൽ ഗോർഷേവിൽ സ്ഥാപിക്കും', പുതിൽ പറഞ്ഞു.
റഷ്യയുടെ യുദ്ധസന്നാഹങ്ങളടങ്ങിയ കപ്പലാണ് അഡ്മിറൽ ഗോർഷേവ്. ആയിരം കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം വേധിക്കാന്‍ സാധിക്കുന്നതാണ് സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ. 2020 ഒക്ടോബറിലാണ് ആദ്യമായി സിർക്കോൺ പരീക്ഷിച്ചത്.
യുക്രൈൻ അധിനിവേശ ശ്രമങ്ങളുടെപശ്ചാത്തലത്തിലാണ് റഷ്യ കൂടുതൽ ആയുധങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഏറ്റുമുട്ടലില്‍ യുക്രൈനിൽ നിന്ന് കനത്ത തിരിച്ചടിയാണ് റഷ്യ നേരിട്ടത്.
Content Highlights: Russia's Zircon Hypersonic Missile
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..