റഷ്യ യുദ്ധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ നടന്ന പ്രകടനത്തിൽനിന്ന്| ഫോട്ടോ: എ.പി.
മോസ്‌കോ: 31 കൊല്ലം മുന്‍പ് ശിഥിലീകരിക്കപ്പെട്ട സോവിയറ്റ് യൂണിയന്റെ പുനരുജ്ജീവനമാണോ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ ലക്ഷ്യം? അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണോ യുക്രൈന് നേര്‍ക്കുള്ള യുദ്ധം? റഷ്യയുടെ യുദ്ധപ്രഖ്യാപനത്തിനു ശേഷം ഉയര്‍ന്നു വന്ന ചോദ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഇവ. ഈ ചോദ്യങ്ങളും യുക്രൈന്‍ യുദ്ധവും ആശങ്കയിലാക്കിയ മറ്റു ചില രാജ്യങ്ങളുമുണ്ട്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാള്‍ട്ടിക് രാജ്യങ്ങളായ എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവയാണ് യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ നടുങ്ങിയിരിക്കുന്നത്.
നാറ്റോ അംഗത്വത്തിലേക്ക് അടുത്തിരുന്ന, റഷ്യയ്ക്കും യൂറോപ്പിനും ഇടയില്‍ ഇരുകൂട്ടര്‍ക്കും ഒരു കവചം പോലെ നിന്നിരുന്ന രാജ്യമാണ് യുക്രൈന്‍. സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപനത്തിന്റെ ആദ്യ ചുവടുവെപ്പ് യുക്രൈനില്‍നിന്ന് ആരംഭിക്കാനാണോ റഷ്യന്‍ശ്രമം എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ഏതുരാജ്യമാകും റഷ്യയുടെ അടുത്ത ലക്ഷ്യമെന്നൊരു ചോദ്യവും ഉയരുന്നുണ്ട്. ഒട്ടേറെ റഷ്യന്‍ ന്യൂനപക്ഷങ്ങള്‍ ബാള്‍ട്ടിക് രാജ്യങ്ങളില്‍ താമസിക്കുന്നുമുണ്ട്.
രണ്ടം ലോക മഹായുദ്ധകാലത്താണ് എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ പിടിച്ചെടുത്ത് സ്റ്റാലിന്‍ സോവിയറ്റ് യൂണിയനോടു ചേര്‍ത്തത്. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഇവ സ്വാതന്ത്ര്യം നേടി. തുടര്‍ന്ന് 2004-ല്‍ ഇവര്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ നാറ്റോയില്‍ അംഗത്വം നേടി. യു.എസിന്റെയും മറ്റ് നാറ്റോ അംഗരാജ്യങ്ങളുടെയും സൈനിക സുരക്ഷിതത്വം ഇതോടെ ഈ രാജ്യങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ യുക്രൈന് പിന്നാലെ റഷ്യ തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ ഏകാധിപത്യത്തിലേക്ക് മടങ്ങിപ്പോകേണ്ടി വരുമോ എന്നും ഇവര്‍ ഭയക്കുന്നു. നാറ്റോ അംഗവും റഷ്യയോട് അതിര്‍ത്തി പങ്കിടുകയും ചെയ്യുന്ന പോളണ്ടും ഭയത്തിലാണ്. മോസ്‌കോയ്ക്കുനേരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് ശക്തമായി വാദിക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് പോളണ്ട്.

എന്റെ പൂര്‍വികരെ അവര്‍ സൈബീരിയയിലേക്ക് അയച്ചു. എന്റെ അച്ഛനെ കെ.ജി.ബി. വേട്ടയാടി. ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്താണെങ്കിലും എന്തും വരുന്നതുപോലെ വരട്ടെ എന്ന് വിചാരിക്കാനാവില്ല- ലിത്വാനിയയുടെ തലസ്ഥാനമായ വില്‍നിയസില്‍നിന്നുള്ള ജോനിയസ് കസ്‌ലോകസിന്റെ വാക്കുകളാണിത്. അന്‍പതുവയസ്സുള്ള, അധ്യാപകവൃത്തി ചെയ്യുന്ന ജോനിയസിന്റെ വാക്കുകളിലുണ്ട് അധിനിവേശം ഭയക്കുന്ന ഒരു ജനതയുടെ വികാരം.
സാംസ്‌കാരികമായും ഭാഷാപരമായും വ്യത്യസ്തരാണ് ബാള്‍ട്ടിക് രാജ്യങ്ങള്‍. ഇവര്‍ക്ക് റഷ്യന്‍ ചരിത്രത്തോടും സ്വത്വത്തോടും ബന്ധവുമില്ല. എന്നിരുന്നാലും ഇരുന്നൂറു വര്‍ഷത്തോളം ഇവരെ ഭരിച്ചത് മോസ്‌കോയാണ്. ആദ്യം റഷ്യന്‍ സാമ്രാജ്യവും പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അമ്പതുകൊല്ലത്തോളം സോവിയറ്റ് യൂണിയനും.
റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിന്റെ ഭയതരംഗങ്ങള്‍ ബാള്‍ട്ടിക് രാജ്യങ്ങളില്‍ ഇതിനോടകം പ്രകമ്പനം സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ലിത്വാനിയയില്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും നടത്തുന്നെന്ന് കാണിച്ച് നിരവധി റഷ്യന്‍ ടെലിവിഷന്‍ സ്റ്റേഷനുകള്‍ക്കുള്ള സംപ്രേഷണ ലൈസന്‍സ് തല്‍ക്കാലത്തേക്ക് റദ്ദാക്കിയിട്ടുമുണ്ട്. യുക്രൈനു വേണ്ടിയുള്ള യുദ്ധം, യൂറോപ്പിനു വേണ്ടിയുള്ള യുദ്ധമാണ്. പുതിനെ ഇവിടെ തടഞ്ഞില്ലെങ്കില്‍ അയാള്‍ വീണ്ടും മുന്നേറും. യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ലിത്വാനിയയുടെ വിദേശകാര്യമന്ത്രി ഗബ്രേലിയസ് ലാന്‍ഡ്‌ബെര്‍ഗിസ് ഇങ്ങനെ പറയുകയും ചെയ്തിരുന്നു.
Content Highlights: Russia's Ukraine attack leaves baltic nations in fear
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..