മോസ്‌കോ: മൂന്നാംഘട്ട പരീക്ഷണം നടത്തുന്നതിനു മുമ്പ് കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ടു പോയതിനു പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്‌സ് കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജിവച്ചു. പ്രൊഫസര്‍ അലക്‌സാണ്ടര്‍ ചച്ച്‌ലിനാണ് രാജിവച്ചതെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുചെയ്തു. 

സുരക്ഷ മുന്‍നിര്‍ത്തി വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഈ ഘട്ടത്തില്‍ തടയണമെന്നാണ് അദ്ദേഹം വാദിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. വാക്‌സിന്‍ നിര്‍മാണം രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന പ്രഖ്യാപനം തൊട്ടുപിന്നാലെ റഷ്യന്‍ ആരോഗ്യമന്ത്രി നടത്തി. അതിനിടെ, വാക്‌സിന്‍ നിര്‍മ്മിക്കാന്‍ റഷ്യ തിടുക്കം കാട്ടുന്നുവെന്ന വിമര്‍ശം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. വാക്‌സിന്റെ കാര്യക്ഷമതയെപ്പറ്റി അഭിപ്രായം പറയാന്‍തക്ക വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ കൈവശം ഇല്ലെന്ന് ഡബ്ല്യൂഎച്ച്ഒ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. 

അതിനിടെ, സ്പുട്‌നിക് വി വാക്‌സിനെതിരെ റഷ്യയില്‍നിന്നുതന്നെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മുതിര്‍ന്ന ഡോക്ടറുടെ രാജിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എത്തിക്‌സ് കൗണ്‍സിലില്‍നിന്ന് രാജിവെക്കാനുള്ള കാരണം ചച്ച്‌ലിന്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് മെയില്‍ ഓണ്‍ലൈന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ രാജിവെക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് നല്‍കിയ അഭിമുഖത്തില്‍ മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും അനുമതി നല്‍കുന്നതിനു മുമ്പ് അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനെപ്പറ്റി അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. മനുഷ്യര്‍ക്ക് അത് എത്രത്തോളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Russia's top doctor quits over Covid vaccine registration