മോസ്‌കോ: ലോകത്താദ്യമായി പക്ഷിപ്പനിക്ക് കാരണമാകുന്ന H5N8 വകഭേദം മനുഷ്യരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റഷ്യയിലെ ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകാരോഘ്യസംഘടനയെ വിവരം ധരിപ്പിച്ചതായി മുതിര്‍ന്ന ആരോഗ്യപ്രവര്‍ത്തക അന്ന പൊപോവ അറിയിച്ചു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങളില്‍ ഒന്നായ H5N8 പക്ഷികളില്‍ മാരകമായതും ഉയര്‍ന്ന രോഗവ്യാപന നിരക്കുള്ളതുമാണെങ്കിലും മനുഷ്യരില്‍ ആദ്യമായാണ് രോഗാണുബാധ കണ്ടെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാന്‍ സാധ്യത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ പഠനം ആരംഭിച്ചതായി അന്ന പൊപോവ പറഞ്ഞു. 

കഴിഞ്ഞ കൊല്ലം ഡിസംബറില്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയുടെ തുടര്‍ച്ചയായാണ് പക്ഷിവളര്‍ത്തല്‍ കേന്ദ്രത്തിലെ ഏഴ് ജീവനക്കാരില്‍ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച ജീവനക്കാരില്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ പ്രകടമല്ല. രോഗത്തിന് കാരണമാകുന്ന വൈറസിന് ജനിതകവ്യതിയാനം സംഭവിക്കാനും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുമുള്ള അപകടസാധ്യത നിലനില്‍ക്കുന്നതായും അന്ന പൊപോവ കൂട്ടിച്ചേര്‍ത്തു. 

പക്ഷിപ്പനിയുണ്ടാക്കുന്ന ഈ വൈറസ് വകഭേദം മനുഷ്യരില്‍ കണ്ടെത്തിയതായി റഷ്യ അറിയിച്ചതായും രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി. വൈറസിന് ജനികത വ്യതിയാനമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് തടയാനാവശ്യമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും സംഘടനാവക്താവ് അറിയിച്ചു.  

A(H5N1), A(H7N9), A(H1N1) തുടങ്ങി പക്ഷിപ്പനി, പന്നിപ്പനി എന്നിവയ്ക്ക് കാരണമാകുന്ന വൈറസ് വകഭേദങ്ങള്‍ ഇതിന് മുമ്പും മനുഷ്യരില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷികള്‍, പന്നികള്‍ എന്നിവയില്‍ നിന്ന് നേരിട്ടോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നോ ആണ് വൈറസ് ബാധയുണ്ടാകുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായി നാളിതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗുരുതര രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന H5N1 വൈറസ് ബാധയുടെ കാര്യത്തില്‍ മരണനിരക്ക് 60 ശതമാനമാണ്.

Content Highlights: Russia reports first case of transmission of the avian flu H5N8 to humans