മോസ്‌കോ: അമേരിക്കയുടെ ഐഎസ് ബന്ധത്തിന് തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളതെന്ന് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് ഐഎസ് ഭീകരരുടെ യൂണിറ്റുകള്‍ക്ക് അമേരിക്ക സംരക്ഷണം നല്‍കുന്നതിന്റെ തെളിവ് എന്ന് അവകാശപ്പെട്ട് ബ്ലാക് ആന്റ് വൈറ്റ് ചിത്രം റഷ്യന്‍ പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
സിറിയ- ഇറാഖ് അതിർത്തിയില്‍ നിന്നുള്ളത് എന്ന പേരില്‍ പുറത്തുവിട്ട ചിത്രം വീഡിയോ ഗെയിമിലേതാണെന്ന് പ്രതികരിച്ച് രംഗത്തുവന്നത് 'മോണിറ്റര്‍ കോണ്‍ഫ്‌ളിക്ട് ഇന്റലിജന്‍സ് ടീം' എന്ന സോഷ്യല്‍മീഡിയ കൂട്ടായ്മയാണ്. 'എസി-130 ഗണ്‍ഷിപ് സ്റ്റിമുലേറ്റര്‍:സ്‌പെഷ്യല്‍ ഓപ്‌സ് സ്‌ക്വാഡ്‌റണ്‍' എന്ന ഗെയിമിലേതാണ് ചിത്രം എന്നും ഇവര്‍ അവകാശപ്പെട്ടു. ഇതോടനുബന്ധിച്ച് റഷ്യ പോസ്റ്റ് ചെയ്ത മറ്റ് ചിത്രങ്ങള്‍ 2016ല്‍ ബാഗ്ദാദിലെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടതാണെന്നും ആരോപണം ഉയര്‍ന്നു. ഫലൂജയില്‍ ജീഹാദികള്‍ക്ക് നേരെ ഇറാഖി സേന നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണിതെന്നും അവര്‍ പറഞ്ഞു.
#СИРИЯ Минобороны России публикует неоспоримое подтверждение обеспечения Соединенными Штатами прикрытия боеспособных отрядов ИГИЛ для использования их в продвижении американских интересов на Ближнем Востоке https://t.co/SH9eWkgNlN pic.twitter.com/vIRvRStBEP
— Минобороны России (@mod_russia) November 14, 2017
എന്തായാലും സംഭവം ചര്‍ച്ചയായതോടെ ചിത്രങ്ങളും വീഡിയോയും റഷ്യ പിന്‍വലിച്ചു. അബദ്ധം പറ്റിയതില്‍ ക്ഷമ ചോദിക്കുന്നെന്ന് പറഞ്ഞ റഷ്യ ചിത്രങ്ങള്‍ മന്ത്രാലയവുമായി ബന്ധമുള്ള ഒരു പൗരന്‍ നല്കിയതാണെന്നും അറിയിച്ചു. മറ്റ് ചില ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു.
വീഡിയോ ഗെയിം കളിച്ച് സമയം കളയാനില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ഐഎസിനെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യം, അതിനിടയ്ക്ക് ഇത്തരം വ്യാജപ്രചരണങ്ങളോട് പ്രതികരിക്കാനില്ലെന്നും റഷ്യയിലെ യുഎസ് എംബസി അറിയിച്ചു.
content highlights: Russia, america, IS, US, videogame, social media