മോസ്‌കോ: ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കോവിഡ് വാക്‌സിന് റഷ്യ സ്പുട്‌നിക് വി എന്ന് നാമകരണം ചെയ്തു. വിദേശ മാര്‍ക്കറ്റില്‍ ഈ പേരിലാകും റഷ്യന്‍ വാക്‌സിന്‍ അറിയപ്പെടുക. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചുകൊണ്ടാണ്‌ വാക്‌സിന് 'സ്പുട്‌നിക് വി' എന്ന പേരിട്ടത്.

ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലക്കും കോവിഡനെതിരെയുള്ള ഒരു വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിലും റഷ്യ നേടിയ വിജയത്തെ ഇത് പരാമര്‍ശിക്കുന്നുവെന്ന് റഷ്യന്‍ ഡയറക്ട്‌ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ്‌ പറഞ്ഞു. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകള്‍ ഇതിനോടകം ഓര്‍ഡര്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍ ആണ് വാക്‌സിന്റെ ഒദ്യോഗിക പ്രഖ്യാപനം നടത്തിയത്. രണ്ട് മാസത്തില്‍ താഴെയുള്ള  പരിശോധനകള്‍ മാത്രമാണ് വാക്‌സിന് നടത്തിയിട്ടുള്ളത്. തിടുക്കത്തിലുള്ള റഷ്യയുടെ വാക്‌സിന്‍ ഉത്പാദനത്തില്‍ ചില വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

Content Highlights: Russia names new Covid-19 vaccine ‘Sputnik V’ in reference to Cold War space race